news

ഇന്‍ഡിഗോയ്ക്ക് എതിരെ കടുത്ത നടപടി; ശൈത്യകാല സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം

By webdesk18

December 09, 2025

ന്യൂഡല്‍ഹി: രാജ്യത്ത് തുടരുന്ന വിമാനപ്രതിസന്ധിയെ തുടര്‍ന്ന് ഇന്‍ഡിഗോയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിസിഎയും വ്യോമയാന മന്ത്രാലയവും ഒരുങ്ങുന്നു. ഇന്‍ഡിഗോയുടെ ശൈത്യകാല സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും ഒഴിവാകുന്ന സ്പോട്ടുകള്‍ മറ്റു എയര്‍ലൈന്‍ കമ്പനികള്‍ക്ക് കൈമാറുകയും ചെയ്തേക്കുമെന്നു വ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡു അറിയിച്ചു.

വിമാന പ്രശ്നങ്ങള്‍ എട്ടാം ദിവസവും തുടരുന്നതിനിടെ ഇന്ന് മാത്രം 200ത്തിലധികം ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി നടന്ന ഉന്നത തല യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ വ്യോമയാന മന്ത്രാലയം എല്ലാ എയര്‍ലൈന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു.

2,200 ഓളം വിമാനം ദിവസേന സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോയുടെ റൂട്ടുകളും സര്‍വീസ് സ്ലോട്ടുകളും വെട്ടിക്കുറയ്ക്കുമെന്നും നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി രാജസഭയില്‍ വ്യക്തമാക്കി. വിമാന പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ കഴിഞ്ഞ ആഴ്ചകളിലായി റീഫണ്ട് നല്‍കിക്കൊണ്ടിരിക്കുകയാണ്.

610 കോടി രൂപയുടെ റീഫണ്ട് പ്രോസസ് ചെയ്തതായും 3,000 ലഗേജുകള്‍ നഷ്ടപ്പെട്ട യാത്രക്കാരില്‍ തിരിച്ചുനല്‍കിയതായും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. റീഫണ്ട്, റീബുക്കിംഗ് പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ പ്രത്യേക സെല്ലുകളും തുറന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നു സൂചന ലഭിച്ചിട്ടുണ്ട്.