News

‘കുട്ടി ഡ്രൈവര്‍’മാര്‍ക്കെതിരെ കടുത്ത നടപടി; ഇടുക്കിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന

By Manya

February 16, 2026

അടിമാലി: ലൈസന്‍സില്ലാതെ ബൈക്കുകളില്‍ പായുന്ന ‘കുട്ടി ഡ്രൈവര്‍’മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും കാല്‍നടയാത്രക്കാരുടെ പരാതികളും പരിഗണിച്ചാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

ഹൈറേഞ്ചിലെ പ്രധാന റോഡുകള്‍, വിദ്യാലയ പരിസരങ്ങള്‍, ഇടറോഡുകള്‍ തുടങ്ങി വിവിധ ഭാഗങ്ങളിലാണ് ലൈസന്‍സില്ലാതെ വിദ്യാര്‍ത്ഥികള്‍ വാഹനമോടിക്കുന്നതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവികുളം, ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളിലെ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രത്യേക പരിശോധന ആരംഭിച്ചു.

മുമ്പ് നിയമലംഘന വാഹനങ്ങളുടെ ചിത്രം പകര്‍ത്തി ഓണ്‍ലൈനായി നോട്ടീസ് അയച്ച് പിഴ ഈടാക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് റോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി രേഖകള്‍ പരിശോധിക്കുകയും നിയമലംഘനം കണ്ടെത്തിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നു. വരും ദിവസങ്ങളിലും വ്യാപക പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ലൈസന്‍സില്ലാതെ പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത മക്കള്‍ക്ക് വാഹനം കൈമാറുന്ന രക്ഷിതാക്കള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ് എന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.