kerala

പണിമുടക്ക് ജനത്തിന്; പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മാണത്തിന് വിലക്കില്ല

By Test User

March 29, 2022

കണ്ണൂര്‍: ദേശീയ പണിമുടക്കില്‍ സംസ്ഥാനം നിശ്ചലമായപ്പോള്‍ കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയൊരുക്കുന്നവര്‍ക്ക് പണിമുടക്ക് ബാധകമായില്ല. ഇന്നലെ റോഡിലിറങ്ങിയ ചെറിയ വാഹനങ്ങളെ ഉള്‍പ്പെടെ സിപിഎം അനുകൂലികള്‍ തടയുമ്പോഴാണ് കണ്ണൂര്‍ ബര്‍ണശ്ശേരി ഇകെ നായനാര്‍ അക്കാദമിയിലെയും ടൗണ്‍സ്‌ക്വയറിലെയും വേദി നിര്‍മാണം മുടങ്ങാതെ നടക്കുന്നത്.

വിവിധ ഇടങ്ങളില്‍ ജോലിക്ക് എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ പിന്തിരിപ്പിക്കുകയും ചെയ്തപ്പോഴാണ് പാര്‍ട്ടി പരിപാടിക്ക് തൊഴിലാളികള്‍ വേദിയൊരുക്കുന്നത്. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള പ്രവൃത്തിയെയും പണിമുടക്ക് ബാധിച്ചില്ല. ഏപ്രില്‍ ആറുമുതല്‍ പത്ത് വരെയാണ് കണ്ണൂരില്‍ സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ഇതിന്റെ അനുബന്ധ പരിപാടികളായ പുസ്‌തോത്സവം പ്രദര്‍ശനം തുടങ്ങിയവയുടെ പ്രവൃത്തികളാണ് സമരത്തെ അവഗണിച്ച് നടക്കുന്നത്. എന്നാല്‍ വേദി നിര്‍മാണത്തിന്റെ ചെറിയ പണികള്‍ മാത്രമാണ് നടത്തിയതെന്നും അവിടെ താമസിക്കുന്നവര്‍ തന്നെയാണ് ഇത് ചെയ്യുന്നതെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പ്രതികരണം.