Video Stories

ഐസ്‌ക്രീം കഴിച്ചശേഷം ഛര്‍ദി അനുഭവപ്പെട്ട വിദ്യാര്‍ഥി മരിച്ചു

By webdesk13

April 17, 2023

ഛര്‍ദിയെത്തുടര്‍ന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥി മരിച്ചു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ അഹമ്മദ് ഹസന്‍ റിഫായിയാണ് (12) മരിച്ചത്. ചങ്ങരോത്ത് എ.യു.പി സ്‌കൂള്‍ 6ാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

ഞായറാഴ്ച വൈകീട്ട് ഐസ്‌ക്രീം കഴിച്ചിരുന്നു. പിന്നീട് ഛര്‍ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീടിനു സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയൂരിലും ചികിത്സ തേടി. ഇന്ന് പുലര്‍ച്ചെ അസ്വസ്ഥകള്‍ വര്‍ധിച്ചു. ഇതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

കൊയിലാണ്ടി പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. ഭക്ഷണാവശിഷ്ടങ്ങളുടെ സാമ്പിള്‍ ഇവര്‍ ശേഖരിച്ചു. ഐസ്‌ക്രീം വിറ്റ കട താല്‍ക്കാലികമായി അടച്ച് സീല്‍ ചെയ്തു. മരണകാരണം ഐസ്‌ക്രീം കഴിച്ചതാണെന്ന് തീര്‍ത്ത് പറയാന്‍ കഴിയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം ലഭിച്ചാലേ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂവെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അസ്മയാണ് അഹമ്മദ് ഹസന്‍ റിഫായിയുടെ മാതാവ്. സഹോദരങ്ങള്‍: ആയിഷ, റസിന്‍.