kerala

‘വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കണം’; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്ക് ജൂലൈ എട്ടിന്

By webdesk17

July 05, 2025

വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ എട്ടിന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ സൂചന പണിമുടക്ക് നടത്തുമെന്ന് ബസുടമ സംയുക്ത സമിതി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ബസുടമകളുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കാനാണ് തീരുമാനം.

പ്രവര്‍ത്തന ചെലവിലെ വര്‍ധനയും യാത്രക്കാരുടെ എണ്ണത്തിലെ കുറവും സ്വകാര്യ ബസ് മേഖലയെ വളരെയേറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്വകാര്യ ബസുകള്‍ക്ക് ഒരുവിധ ആനുകൂല്യങ്ങളും നല്‍കാതെ കെ.എസ്.ആര്‍.ടി.സിയെ മാത്രം സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നാണ് ആരോപണം. കൂടാതെ, ഗതാഗത മന്ത്രി ചര്‍ച്ചക്ക് തയാറാകുന്നില്ലെന്നും ഏകപക്ഷീയമായാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും ബസുടമകള്‍ ആരോപിച്ചു. അശാസ്ത്രീയ നിബന്ധനകളാണ് സ്വകാര്യ ബസുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതുമൂലം തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണെന്നും സമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ തീരുമാനം പിന്‍വലിക്കണമെനനും ബസുടമകള്‍ ആവശ്യപ്പെട്ടു.

14 വര്‍ഷമായി തുടരുന്ന വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഒരു രൂപ എന്നത് മാറ്റി രാമചന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 50 ശതമാനമായി നിശ്ചയിക്കണമെന്നും കണ്‍സഷന്‍ കൊടുക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.

അതേസമയം ബസുടമകളില്‍നിന്ന് അന്യായമായി അമിതമായ പിഴ ഇ-ചലാന്‍ വഴി ഈടാക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം, ഉടമകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന ജി.പി.എസ്, സ്പീഡ് ഗവേണര്‍, സെന്‍സര്‍ കാമറ തുടങ്ങിയ അശാസ്ത്രീയ തീരുമാനങ്ങള്‍ ഒഴിവാക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ ടി. ഗോപിനാഥന്‍, എ.എസ്. ബേബി, ഫെഡറേഷന്‍ ഭാരവാഹികളായ കെ. സത്യന്‍, സുധാകരന്‍, കെ.ബി.ടി.എ ഭാരവാഹികളായ ഗോകുലം ഗോകുല്‍ദാസ്, ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.