കോയമ്പത്തൂര്‍: ഞായറാഴ്ച രാത്രി കോയമ്പത്തൂരില്‍ സുഹൃത്തിനൊപ്പം കാറില്‍ പോവുകയായിരുന്ന 20 കാരിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയെ മൂന്ന് പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഞായറാഴ്ച രാത്രി 10.30 ഓടെ കോയമ്പത്തൂര്‍ വിമാനത്താവളത്തിന് പിന്നിലുള്ള ബൃന്ദാവന്‍ നഗറില്‍ ഇവര്‍ കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ ഒരു മോപ്പഡില്‍ എത്തിയ മൂന്ന് പേര്‍ അവിടെ എത്തിയതായി പോലീസ് പറഞ്ഞു. ‘അവര്‍ കാറിന്റെ മുന്‍ഭാഗം തകര്‍ത്ത് കാമുകനെ ആയുധങ്ങളുമായി ആക്രമിച്ചു. അവര്‍ യുവതിയെ ഭീഷണിപ്പെടുത്തി അവരുടെ മോപ്പഡില്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി, അവിടെവെച്ച് സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു,’ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊലീസ് രാത്രി 11 മണിയോടെ തിരച്ചില്‍ ആരംഭിച്ചു. പുലര്‍ച്ചെ 4 മണിയോടെ അവര്‍ യുവതിയെ കണ്ടെത്തി. അപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. യുവതിയെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി, മധുര ജില്ലയില്‍ നിന്നുള്ള സതീഷ്, ഗുണ, കാര്‍ത്തിക് എന്നീ മൂന്ന് പ്രതികളെ പോലീസ് വെടിവച്ചു അറസ്റ്റ് ചെയ്തു. ഇവര്‍ ദിവസ വേതനക്കാരായിരുന്നു, കോയമ്പത്തൂരിലെ ഒരു വാടക മുറിയില്‍ താമസിച്ചിരുന്നു. ഇവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പങ്കുവെച്ചില്ല. ‘
ബലാത്സംഗത്തിന് ഇരയായ മധുര സ്വദേശിനിയും കോയമ്പത്തൂരില്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനിയുമാണ്.