കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ഥിനി ഗൗരി നേഹ(15)മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നേഹ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഗൗരിനേഹ. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആസ്പത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കും.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കുട്ടി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്കെടുത്ത് ചാടിയത്. നട്ടെല്ലിനും തലക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് പിന്നീട് ബോധം തിരിച്ചുകിട്ടിയിരുന്നില്ല. ആന്തരികരക്ത സ്രാവമായിരുന്നു മരണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പോലീസ് കേസ് എടുത്തിരുന്നു. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ചാടിയതെന്നാണ് പരാതി.

അതേസമയം ആരോപിതരായ സിന്ധു, ക്രസന്റ എന്നീ രണ്ട് അധ്യാപികമാര്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ അധ്യാപികര്‍ക്കെതിരെ വെസ്റ്റ് പോലീസ് കേസെടുത്തത്. രണ്ട് ദിവസം മുന്‍പ് സഹപാഠിയുമായി പെണ്‍കുട്ടി വാക്കുതര്‍ക്കമുണ്ടാക്കി. ഇത് ചോദ്യം ചെയ്ത അധ്യാപിക സ്റ്റാഫ് റൂമിന് അകത്തേക്ക് പെണ്‍കുട്ടിയെ വിളിക്കുകയും മറ്റുള്ളവരുടെ മുന്നില്‍ വച്ച് ശകാരിക്കുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തിലാണ് മരണമെന്നാണ് മാതാപിതാക്കളുടെ ആരോപണം.