News

തെഹ്റാനില്‍ ഇറാന്‍ ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥി റാലി

By webdesk17

June 20, 2025

തെഹ്റാനില്‍ ഇറാന്‍ ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂറ്റന്‍ വിദ്യാര്‍ത്ഥി റാലി. തെഹ്റാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് റാലി. ഇറാന്‍ ഭരണകൂടത്തെയും ഗസ്സയെയും പിന്തുണച്ചാണ് വിദ്യാര്‍ത്ഥികള്‍ റാലിയില്‍ മുദ്രാവാക്യം ഉയര്‍ത്തിയത്. തെഹ്റാന്‍ വിടണമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ റാലി സംഘടിപ്പിച്ചത്.

ഇസ്രാഈല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ രണ്ട് ദിവസം മുമ്പ് തെഹ്റാനില്‍ നിന്ന് എല്ലാവരും ഒഴിയണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇറാന് ആണവായുധം കൈവശംവെക്കാന്‍ കഴിയില്ലെന്നും എല്ലാവരും ഒഴിഞ്ഞുപോകണമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.

അതേസമയം സൗദി ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനെതിരെ രംഗത്തെത്തി. സിവിലിയന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സൗദി ന്യൂക്ലിയര്‍ ആന്‍ഡ് റേഡിയോളജിക്കല്‍ റഗുലേറ്ററി കമ്മീഷനാണ് മുന്നറിയിപ്പ് നല്‍കിയത്.

ഇറാനിലെ ഖൊന്‍സാബ് ആണവ പ്ലാന്റില്‍ ഇസ്രാഈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സൗദിയുടെ പ്രതികരണം.