More

‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ

By webdesk14

June 11, 2025

ലണ്ടൻ: പഠനാവശ്യാർത്ഥം യു.കെയിലേക്ക്‌ വരുന്ന ചില വിദ്യാർത്ഥികൾ, അനധികൃത ഏജൻസികളുടെ വലയത്തിൽ പെട്ട്‌ ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ വിക്രം കുമാർ ദൊറൈസ്വാമി അഭിപ്രായപ്പെട്ടു.

കേരളത്തിലേക്ക്‌ നേരിട്ട്‌ വിമാനയാത്രാ സൗകര്യമില്ലായ്മ ഉൾപ്പെടെയുള്ള യു. കെ മലയാളി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചു കൊണ്ട്‌ ബ്രിട്ടൻ കെ. എം. സി. സി ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമീഷണർക്ക്‌ നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു ഹൈക്കമീഷണർ. ലണ്ടനിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന മീറ്റിങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌ ദേശീയ സെക്രട്ടറിയും ഇന്ത്യൻ പാർലമെന്റ്‌ അംഗവുമായ അഡ്വ: ഹാരിസ്‌ ബീരാൻ എം. പി. യുടെ സാന്നിധ്യത്തിൽ ബ്രിട്ടൻ കെ. എം. സി. സി. ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, വൈസ്‌ പ്രസിഡണ്ട്‌ അഹമ്മദ്‌ അരീക്കോട്‌ തുടങ്ങിയവർ പങ്കെടുത്തു.

ബ്രിട്ടൻ കെ.എം. സി. സിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഹൈക്കമീഷണർ, ഇന്ത്യൻ പ്രവാസികൾക്ക്‌ വേണ്ടി ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും കഴിയാവുന്ന തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ്‌ നൽകുകയും ചെയ്തു.