ലയണല്‍ മെസ്സിക്കു പിന്നാലെ നെയ്മറിന് വിടനല്‍കി ബാര്‍സ മുന്നേറ്റ നിരയിലെ നിര്‍ണായക താരമായ ലൂയിസ് സുവാരസും. ഒന്നിച്ചു കഴിഞ്ഞ ദിവസങ്ങള്‍ അമൂല്യമായിരുന്നുവെന്നും നെയ്മര്‍ ഇപ്പോഴുള്ളതുപോലെ മാറ്റമൊന്നുമില്ലാതെ ഇനിയും തുടരണമന്നും സുവാരസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മത്സരത്തിനു ശേഷം നെയ്മറിനെ ആലിംഗനം ചെയ്തു നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് സുവാരസ് സഹതാരത്തിന് യാത്രാമംഗളം നേര്‍ന്നത്.

‘എന്റെ സുഹൃത്തേ, ഇനി വരുന്ന എല്ലാ കാര്യങ്ങളിലും ഞാന്‍ നിനക്ക് നന്മ നേരുന്നു. നിന്റെ പിന്തുണക്കും ഞാന്‍ നിന്നില്‍ നിന്ന് പഠിച്ചെടുത്ത കാര്യങ്ങല്‍ക്കും നാം ഒന്നിച്ചുണ്ടായിരുന്നപ്പോഴത്തെ അസുലഭ മുഹൂര്‍ത്തങ്ങള്‍ക്കും നന്ദി… ഇപ്പോഴുള്ളതു പോലെ തന്നെ തുടരുക. ഒരിക്കലും മാറരുത്. അനിയന് സ്‌നേഹത്തോടെ…’ എന്നാണ് ഉറുഗ്വേ താരം സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ബാര്‍സലോണയുമായുള്ള കരാര്‍ ഏകപക്ഷീയമായി റദ്ദാക്കി പി.എസ്.ജിയില്‍ ചേരാന്‍ തീരുമാനിച്ച നെയ്മര്‍ക്കെതിരെ സ്പാനിഷ് ക്ലബ്ബിന്റെ ആരാധകര്‍ വന്‍ പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ് മെസ്സിയും സുവാരസും സഹതാരത്തിന് യാത്രാ മൊഴി നല്‍കിയത്. ഡ്രസ്സിങ് റൂമില്‍ തന്റെയും നെയ്മറിന്റെയും അടുത്തടുത്തുള്ള റാക്കുകളുടെ ചിത്രം അടങ്ങുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് മെസ്സി നെയ്മറിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്.

222 ദശലക്ഷം യൂുറോ എന്ന റെക്കോര്‍ഡ് തുകയ്ക്ക് നെയ്മര്‍ ക്ലബ്ബ് വിടുന്നതോടെ ബാര്‍സയുടെ വിഖ്യാതമായ ‘എം.എസ്.എന്‍’ യുഗത്തിനാണ് അറുതി വരുന്നത്. മെസ്സിയും നെയ്മറും സുവാരസും അടങ്ങുന്ന ഈ ത്രയം ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും അപകടകാരികളായാണ് വിലയിരുത്തപ്പെട്ടിരുന്നത്. പി.എസ്.ജിയിലെത്തുന്ന നെയ്മര്‍ ലോകത്ത് ഏറ്റവുമധികം വേതനം പറ്റുന്ന കായികതാരമായി മാറും. പ്രതിവര്‍ഷം 30 ദശലക്ഷം യൂറോ ആണ് ശമ്പള ഇനത്തില്‍ മാത്രം നെയ്മറിന് ലഭിക്കുക എന്നാണ് വാര്‍ത്തകള്‍.