kerala

സബ് ജില്ലാ , ജില്ലാ ടൂര്‍ണമെന്റുകള്‍ നടത്തിയില്ല, സംസ്ഥാന സുബ്രതോ കപ്പ് ടൂര്‍ണമെന്റ് അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: എം.എസ്.എഫ്

By webdesk18

July 31, 2025

കോഴിക്കോട് : സ്‌കൂള്‍ കായിക വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷംതോറും നടത്തിവെരാറുള്ള സുബ്രതോ കപ്പ് മത്സരങ്ങള്‍ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി എം.എസ്.എഫ്. സബ് ജില്ലാ , ജില്ലാ മത്സരങ്ങള്‍ നടത്താതെ സംസ്ഥാന സുബ്രതോ കപ്പ് ടൂര്‍ണമെന്റ് നടത്തുന്നതിന്റെ സാംഗത്യമാണ് എം.എസ്.എഫ് ചോദ്യം ചെയ്യുന്നത്. കായിക അധ്യാപകര്‍ സമരത്തിലായ മാസങ്ങളില്‍ സബ് ജില്ലാ , ജില്ലാ മത്സരങ്ങളുടെ തിയ്യതി നിശ്ചയിച്ച സര്‍ക്കാര്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തിയില്ല. കായിക അധ്യാപകരുടെ ആവശ്യങ്ങള്‍ പരിഹാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ തന്നെ സബ് ജില്ലാ , ജില്ലാ മത്സരങ്ങള്‍ നടന്നില്ല. മത്സരങ്ങള്‍ നിലവില്‍ നടക്കാത്ത സ്ഥിതിയില്‍ സംസ്ഥാന സുബ്രതോ കപ്പ് മത്സരം എങ്ങനെ നടത്തുമെന്നാണ് എം.എസ്.എഫ് ചോദിക്കുന്നത്. ഒരു സ്‌കൂള്‍ സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ ആറായിരം രൂപ പ്രവേശന ഫീസായി നല്‍കണം എന്ന നിര്‍ദ്ദേശം അടിച്ചേല്‍പ്പിക്കപ്പെടുന്നതിനോടും യോജിക്കാന്‍ കഴിയില്ല.

സുബ്രതോ കപ്പ് മത്സരങ്ങള്‍ വളര്‍ന്നുവരുന്ന കായിക താരങ്ങള്‍ക്കുള്ള വലിയ അവസരമാണ്. അത് തകര്‍ക്കുന്ന നീക്കം അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കായിക വിദ്യാര്‍ത്ഥികളോട് അപേക്ഷ സമര്‍പ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെടുന്നത്. എന്നാല്‍ സെലക്ഷന്‍ ഉള്‍പ്പെടെ വകുപ്പിന് ധാരണയില്ല എന്ന് മാത്രമല്ല അപേക്ഷ നല്‍കി പങ്കെടുക്കേണ്ട ഒരു ടൂര്‍ണമെന്റല്ല സംസ്ഥാന സുബ്രതോ കപ്പ്. ഈ വിചിത്രമായ സെലക്ഷന്‍ രീതി അംഗീകരിക്കാന്‍ കഴിയില്ല. കായിക താരങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനമാണ് ഇതിലൂടെ പുറത്ത് വരുന്നത്. ഈ അവഗണിക്കുന്ന സമീപനവുമായി മുന്നോട്ട് പോയാല്‍ ശക്തമായ സമരങ്ങള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന:സെക്രട്ടറി സി.കെ നജാഫ്, കായിക വിംഗ് കണ്‍വീനര്‍ എം.വി ഹസൈനാര്‍ എന്നിവര്‍ പറഞ്ഞു.