health

ഉച്ചയ്ക്ക് ശേഷം പെട്ടെന്നുള്ള ക്ഷീണവും മയക്കവും; ഈ വിറ്റാമിന്റെ കുറവുക്കൊണ്ടുമാകാം!

By Akhila

February 11, 2026

ഉച്ചയ്ക്ക് ശേഷം പെട്ടെന്നുള്ള ക്ഷീണവും മയക്കവും ജോലി സമ്മര്‍ദമോ, പ്രായക്കൂടുതലോ അല്ല വിറ്റാമിന്‍ ഡിയുടെ അഭാവം കൊണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും കൂടുതലായി ഇത് ബാധിക്കുന്നുണ്ട്. മിക്ക ആളുകളും ദൈനംദിന സമ്മര്‍ദ്ദത്തിന്റെയോ ജോലിഭാരത്തിന്റെയോ ഭാഗമാണെന്ന് കരുതി അവഗണിക്കുന്നു. നന്നായി ഉറങ്ങുകയും പതിവായി വ്യായാമം ചെയ്യുകയും സമീകൃതാഹാരം പിന്തുടരുകയും ചെയ്യുന്നവരിലും ഇത് സംഭവിക്കുന്നുണ്ട്.

വെറും എല്ലുകളുടെ ശക്തിക്ക് മാത്രമല്ല, ശരീരത്തിന്റെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിലും വിറ്റാമിന്‍ ഡി നിര്‍ണായക പങ്ക് വഹിക്കുന്നു. വിറ്റാമിന്‍ ഡി ശരീരത്തിന്റെ ഊര്‍ജ്ജ കറന്‍സി എന്നറിയപ്പെടുന്ന അഡെനോസിന്‍ ട്രൈഫോസ്‌ഫേറ്റ് (എടിപി) ഉത്പാദിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. എടിപി ഉത്പാദനം കുറയുമ്പോള്‍, പേശികളെയും തലച്ചോറിനെയും ഇത് നേരിട്ട് ബാധിക്കുന്നു. പേശികള്‍ക്ക് ശക്തി കുറയുകയും, തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ചെയ്യുന്നു.

കൂടാതെ, വിറ്റാമിന്‍ ഡി സെറോടോണിന്‍ ഉത്പാദനത്തെ പിന്തുണയ്ക്കുന്നു. സെറോടോണിന്‍ ന്യൂറോട്രാന്‍സ്മിറ്ററാണ്. നമ്മുടെ മാനസികാവസ്ഥയും ഊര്‍ജ്ജ സന്തുലിതാവസ്ഥയ്ക്കും നിയന്ത്രിക്കുന്നത് സെറോടോണിനാണ്. സെറോടോണിന്‍ കുറഞ്ഞാല്‍ മാനസികാവസ്ഥ മോശമാവുകയും, ഊര്‍ജ്ജം കുറയുകയും ചെയ്യും. സ്വാഭാവികമായി, ഉച്ചയ്ക്ക് ശേഷം കോര്‍ട്ടിസോള്‍ അളവ് സ്വാഭാവികമായി കുറയുന്നു.പക്ഷേ വിറ്റാമിന്‍ ഡി കുറവുള്ളപ്പോള്‍ ശരീരത്തിന് ഈ കുറവിനെ ക്രമീകരിക്കാന്‍ ബുദ്ധിമുട്ടാകുന്നു. അതിന്റെ ഫലമായി മന്ദത, ഉറക്കം, ക്ഷീണം എന്നിവ ഉണ്ടാകുന്നു.

വിറ്റാമിന്‍ ഡി അളവ് കുറയുമ്പോള്‍, ശരീരത്തിലെ കോശങ്ങള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നു. ഇത് പകല്‍ സമയത്ത് പെട്ടെന്നുള്ള ക്ഷീണത്തിനും അലസതക്കും കാരണമാകും. ആരോഗ്യമുള്ള ഒരാളില്‍ വിറ്റാമിന്‍ ഡി അളവ് 20 മുതല്‍ 50 ng/mL വരെ വേണം. എന്നാല്‍ ഒട്ടുമിക്ക പേരിലും ശരിയായ അളവില്‍ വിറ്റാമിന്‍ ഡി ഇല്ലെന്നാണ് കണക്കുകള്‍ പറയുന്നു.

സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന ഒരു രാജ്യമാണെങ്കിലും, ഇന്ത്യയില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. നഗരപ്രദേശങ്ങളിലെ 70 ശതമാനത്തിലധികം ആളുകളും വിറ്റാമിന്‍ ഡിയുടെ അളവ് കുറവാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദിവസത്തിന്റെ ഭൂരിഭാഗവും വീടിനുള്ളില്‍ ചെലവഴിക്കുന്നത്, വായു മലിനീകരണം ഇവയെല്ലാം വിറ്റാമിന്‍ ഡി കുറവിന് കാരണമാകുന്നു.

ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് ക്ഷീണം തോന്നുന്നുണ്ടെങ്കില്‍, ബ്ലഡ് ടെസ്റ്റ് വിറ്റാമിന്‍ ഡിയുടെ അളവ് പരിശോധിക്കാം. ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്റ് എടുക്കുകയോ, രാവിലെയും വൈകിട്ടും 10-15 മിനിറ്റ് സൂര്യപ്രകാശം കൊള്ളുന്നത് ശീലമാക്കുകയോ ചെയ്യാം..