കൊല്ലം: സുധാകര്‍ റെഡ്ഢി തുടര്‍ച്ചയായ മൂന്നാം തവണയും സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി നേതൃത്വം നിഷ്‌ക്രിയമാണെന്ന രൂക്ഷ വിമര്‍ശനത്തെ മറികടന്നാണ് സുധാകര്‍ റെഡ്ഢി വീണ്ടും ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രണ്ട് തവണയാണ് സി.പി.ഐ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഒരാള്‍ തുടരുന്നത്. എന്നാല്‍ ഈ കീഴ്‌വഴക്കം മറികടന്നാണ് സുധാകര്‍ റെഡ്ഢിയെ മൂന്നാംതവണയും തിരഞ്ഞെടുത്തത്.

ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത സ്ഥാനമൊഴിഞ്ഞെങ്കിലും പുതിയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെ യോഗത്തില്‍ തിരഞ്ഞെടുത്തില്ല. ആവശ്യമെന്ന് തോന്നിയാല്‍ ഇത് സംബന്ധിച്ച തീരുമാനം ദേശീയ കൗണ്‍സിലില്‍ സ്വീകരിക്കുമെന്ന് സുധാകര്‍ റെഡ്ഢി അറിയിച്ചു.

മതേതര ഇടത് പാര്‍ട്ടികളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായിരിക്കും താന്‍ പ്രാധാന്യം നല്‍കുകയെന്ന് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സുധാകര്‍ റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു.