kerala

പൊലീസുകാർക്കിടയിലെ ആത്മഹത്യ: അടിയന്തര ഇടപെടൽ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

By webdesk14

June 20, 2024

കൊച്ചി: വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ സമ്മർദവും കാരണം പൊലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്നു മനുഷ്യാവകാശ കമ്മിഷൻ. ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണു കമ്മിഷൻ ആക്ടിങ് ചെയർപഴ്സണും ജുഡിഷ്യൽ അംഗവുമായ കെ.ബൈജുനാഥ് നിർദേശം നൽകിയത്.

30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 24 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 5 പൊലീസുകാർ ആത്മഹത്യ ചെയ്തെന്നാണ് പരാതി. പൊലീസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ സഹപ്രവർത്തകരുടെ ആത്മഹത്യ സജീവ ചർച്ചയാണെന്ന് വാർത്തകളിൽ പറയുന്നു. പൊലീസ് സ്റ്റേഷന്റെ ഭരണം സി.ഐ മാർ ഏറ്റെടുത്തതോടെയാണ് പ്രശ്നം രൂക്ഷമായത്.