കൊല്ലം: സായി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഹോസ്റ്റലില്‍ താമസിക്കുന്ന സമയത്ത് പെണ്‍കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡനും, ഇന്‍ചാര്‍ജിനുമെതിരെയും ബന്ധുക്കള്‍ മൊഴി നല്‍കിയതായാണ് വിവരം. ഹോസ്റ്റലില്‍ നടന്ന പല സംഭവങ്ങളും ഇന്‍ചാര്‍ജ് ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നതാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ആത്മഹത്യ സംബന്ധിച്ച് സായിയും (Sports Authority of India) ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സംഘം ഉടന്‍ കൊല്ലം സായി ഹോസ്റ്റലില്‍ എത്തി വിശദമായ അന്വേഷണം നടത്തും. ഇതോടൊപ്പം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴിക്കോട് സ്വദേശിനിയായ സാന്ദ്രയെയും തിരുവനന്തപുരം സ്വദേശിനിയായ വൈഷ്ണവിയെയും സായി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവസേനയുള്ള പരിശീലന പരിപാടിയില്‍ ഇരുവരും പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.