ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നുവീണു. തെരച്ചിലിനിടെ വിമാനത്തിന്റെ ഒരു ഭാഗം കണ്ടെത്തി. ഈ ഭാഗം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. പൈലറ്റിനായുള്ള തെരച്ചില്‍ തുടരുന്നു. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് അവസാനമായി വിമാനത്തിന്റെ സിഗ്‌നല്‍ ലഭിച്ചത്. വിമാനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും വ്യോമസേന അറിയിച്ചു. സുഖോയ് -30 എംകെ 1 യുദ്ധവിമാനം റഡാറില്‍ നിന്ന് ബന്ധം നഷ്ടപ്പെട്ടെന്നാണ് പ്രതിരോധ വകുപ്പ് അറിയിച്ചത്.
അസമിലെ കര്‍ബി ആംഗ്ലോങ് മേഖലയിലാണ് പരിശോധന നടക്കുന്നത്. വ്യോമസേനയുടെ സുഖോയ് വിമാനം അസമിലെ ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്നാണ് ടേക്ക് ഓഫ് ചെയ്തതെന്നും രാത്രി 7.42നാണ് അവസാനമായി ബന്ധപ്പെടാനായതെന്നും രക്ഷാദൗത്യം ആരംഭിച്ചതായും വ്യോമസേന അറിയിച്ചു.