entertainment

കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ ചെയ്തത് താനെന്ന് സുനില്‍ രാജ്; ‘ജൂനിയര്‍ കുഞ്ചാക്കോ’യുടെ അനുഭവങ്ങള്‍ വീണ്ടും ചര്‍ച്ചയിലേക്ക്

By webdesk17

November 21, 2025

കുഞ്ചാക്കോ ബോബനെ അനുകരിക്കുന്ന കലാകാരന്‍ എടപ്പാളിലെ സുനില്‍ രാജ്, പുതിയൊരു വെളിപ്പെടുത്തലുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ താനാണ് ചെയ്തതെന്ന് സുനില്‍ വ്യക്തമാക്കുന്നു. സുനില്‍ രാജിന്റെ വാക്കുകളില്‍ പുറത്തുവിടാന്‍ പാടില്ലായിരുന്നൊരു കാര്യം തന്നെയാണ്, പക്ഷേ ആളുകള്‍ ചോദിച്ചുപോവുന്നു ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി’ എന്ന ചോദ്യം തന്നെയാണ് സത്യം പറയാന്‍ പ്രേരിപ്പിച്ചത്. ആ സിനിമയില്‍ ചാക്കോച്ചന്റെ തിരക്കുമൂലം കുറച്ച് സീനുകള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. അതും അദ്ദേഹത്തിന്റെ തന്നെയുള്ള സജഷനിലൂടെയാണ് .കുഞ്ചാക്കോ ബോബന്റെ ശബ്ദത്തിലും ഭാവത്തിലും അത്ഭുതകരമായ സാമ്യം പുലര്‍ത്തുന്ന സുനില്‍ രാജ്, ബാല്യകാലം മുതല്‍ മിമിക്രിയില്‍ സജീവനാണ്. സ്‌റ്റേജ് ഷോകളില്‍ ‘ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. റതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സ്പിന്‍ഓഫ് ആയാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ രൂപപ്പെട്ടത്. രാജേഷ് മാധവന്‍ അവതരിപ്പിച്ച സുരേശന്‍ കാവുംതഴെ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് ഈ ചിത്രത്തിലെ നായകന്‍. അതേ ചിത്രത്തില്‍ നിന്നുള്ള സുമലതയും നായികയായി എത്തുന്നു. ചിത്രത്തില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കുഞ്ചാക്കോ ബോബന്റെ സൗകര്യക്കുറവ് മൂലം പല ഷൂട്ടിങ് സമയങ്ങളിലും അദ്ദേഹത്തെ പകരം സുനിലിനെ ഉപയോഗിച്ചതായാണ് സൂചന. തനിക്ക് ലഭിച്ച ഈ അവസരം കലാരംഗം നല്‍കിയ അംഗീകാരമായി തന്നെയാണ് കാണുന്നതെന്ന് സുനില്‍ പറയുന്നു.