News

സൂപ്പര്‍ കപ്പ്: മുഹമ്മദന്‍സ് എസ്എസിക്കെതിരെ ഗോകുലം കേരളയ്ക്ക് ജയം

By webdesk17

November 05, 2025

സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് സി യിലെ അവസാന മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി, മുഹമ്മദന്‍സ് എസ്എസിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മുന്‍പുണ്ടായ രണ്ടു മത്സരങ്ങളിലും ഇരു ടീമുകളും പരാജയപ്പെട്ടിരുന്നുവെങ്കിലും, ഈ വിജയം ഗോകുലത്തിന് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള അവസരം നല്‍കി.

മത്സരത്തിന്റെ 28-ആം മിനിറ്റില്‍ സ്പാനിഷ് താരം ആല്‍ബര്‍ട്ട് നേടിയ ഗോളിലൂടെ ഗോകുലം ലീഡ് നേടി. തുടക്കം മുതല്‍ ആക്രമണോത്സുകമായി കളിച്ച ഗോകുലത്തിന് ഈ ലീഡ് നിര്‍ണായകമായി. രണ്ടാം പകുതിയിലും ടീം അതേ വേഗത തുടര്‍ന്നു; 55-ആം മിനിറ്റില്‍ സാമുവേല്‍ കിന്‍ഷി ഗോള്‍ നേടി ലീഡ് ഇരട്ടിയാക്കി.

മുഹമ്മദന്‍സ് പ്രതിരോധത്തിലെ പിഴവുകള്‍ പ്രയോജനപ്പെടുത്തി 85-ആം മിനിറ്റില്‍ പകരക്കാരനായ സ്പാനിഷ് സ്ട്രൈക്കര്‍ ജുവാന്‍ കാര്‍ലോസ് മൂന്നാം ഗോള്‍ നേടി ടീമിന്റെ വിജയം ഉറപ്പാക്കി. എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് ഗോകുലം ഇന്ന് കാഴ്ചവെച്ചത്.

മത്സരശേഷം ഹെഡ് കോച്ച് ജോസ് ഹെവിയ പ്രതികരിച്ചു: ”മുന്‍ പരാജയങ്ങളില്‍ നിന്ന് ടീം പാഠം ഉള്‍ക്കൊണ്ടു. സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്തായെങ്കിലും, 202627 ഐ ലീഗില്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ തിരിച്ചുവരും,” എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.