കോഴിക്കോട്: സൂപ്പർ ലീഗ് കേരളയുടെ ഫൈനലിലേക്ക് കണ്ണൂർ വാരിയേഴ്‌സ് എഫ്സി കടന്നു. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമിയിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്സിയെ 1–0ന് പരാജയപ്പെടുത്തിയാണ് കണ്ണൂർ ആദ്യമായി ഫൈനൽ യോഗ്യത നേടിയത്. രണ്ടാം പകുതിയിൽ മുഹമ്മദ് സിനാൻ നേടിയ പെനാൽറ്റി ഗോളാണ് നിർണായകമായത്.
മത്സരം തുടക്കത്തിൽ തന്നെ ചൂടുപിടിച്ചു. ആറാം മിനിറ്റിൽ മുഹമ്മദ് ആസിഫിനെ ഫൗൾ ചെയ്തതിന് കണ്ണൂർ ക്യാപ്റ്റൻ ലവ്സാംബക്ക് മഞ്ഞക്കാർഡ് ലഭിച്ചു. പിന്നാലെ കാലിക്കറ്റിന്റെ ഗോൾ ശ്രമം ക്രോസ് ബാർ തടഞ്ഞു. 21-ാം മിനിറ്റിൽ സച്ചു സിബി പരിക്കേറ്റ് പുറത്തായപ്പോൾ പകരം ഷഹബാസ് അഹമ്മദ് എത്തി.
36-ാം മിനിറ്റിൽ മുഹമ്മദ് ആസിഫിന്റെ ഫ്രീകിക്ക് കണ്ണൂർ ബോക്സിലേക്ക് എത്തിയെങ്കിലും ഫിനിഷ് ചെയ്യാൻ കാലിക്കറ്റിന് സാധിച്ചില്ല. ആദ്യ പകുതിയുടെ ഇൻജുറി സമയത്ത് മുഹമ്മദ് അജ്സലിന് ലഭിച്ച സുവർണാവസരവും നഷ്ടമായി. രണ്ടാം പകുതിയിൽ കാലിക്കറ്റ് സമ്മർദ്ദം ശക്തമാക്കിയെങ്കിലും ഗോൾ കണ്ടെത്താനായില്ല.
71-ാം മിനിറ്റിൽ എസിയർ ഗോമസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മുഹമ്മദ് സിനാൻ ലക്ഷ്യത്തിലെത്തിച്ചു. ഗോൾകീപ്പർ ഹജ്മലിന്റെ കൈകളിൽ തട്ടി പോസ്റ്റിനുള്ളിലേക്ക് കയറിയ പന്താണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. അണ്ടർ–23 താരമായ സിനാന്റെ ഈ സീസണിലെ നാലാമത്തെ ഗോളായിരുന്നു ഇത്.
ഡിസംബർ 15ന് രണ്ടാം സെമിയിൽ തൃശൂർ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും ഏറ്റുമുട്ടും. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഡിസംബർ 19ന് കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് സൂപ്പർ ലീഗ് കേരളയുടെ ഫൈനൽ നടക്കുക.