News

സൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

By webdesk17

November 15, 2025

കൊച്ചി: സൂപ്പര്‍ ലീഗ് കേരളയില്‍ ഫോഴ്‌സ് കൊച്ചിയുടെ നിരാശാജനക പ്രകടനം തുടരുന്നു. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തില്‍ നടന്ന ഏഴാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സ് ഏകപക്ഷീയമായ ഒരു ഗോളിന് കൊച്ചിയെ പരാജയപ്പെടുത്തി.

ആദ്യ പകുതിയില്‍ ഖാലിദ് റോഷന്‍ നേടിയ ഗോളാണ് കൊമ്പന്‍സിന് മൂല്യമേകിയത്. അബ്ദുല്‍ ബാദിഷിന്റെ പാസ് പറ്റിച്ചെടുത്ത ഖാലിദ് മനോഹരമായ ഫിനിഷിംഗിലൂടെ ടീമിന് ലീഡ് സമ്മാനിച്ചു. പിന്നിട് പരിക്കേറ്റ് അദ്ദേഹം കളം വിട്ടു.

ഏഴ് മത്സരങ്ങളില്‍ 10 പോയിന്റുമായി തിരുവനന്തപുരം ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി. തുടര്‍ച്ചയായി ഏഴ് തോല്‍വികള്‍ വഴങ്ങിയ ഫോഴ്‌സ് കൊച്ചി സെമിഫൈനല്‍ പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തി പോയിന്റൊന്നുമില്ലാതെ ടേബിളിന്റെ അവസാന സ്ഥാനത്ത് തുടരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ അമോസ് കിരിയയെ പിന്‍വലിച്ച കൊച്ചി മാര്‍ക്ക് വര്‍ഗാസിനെ കളത്തിലിറക്കി. അറുപത്തിയൊന്നാം മിനിറ്റില്‍ തിരുവനന്തപുരത്തിന്റെ പൗലോ വിക്റ്ററിന് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അറുപത്തിയാറാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് പൗലോ വിക്റ്ററിനെ ഫൗള്‍ ചെയ്തു വീഴ്ത്തിയ കൊച്ചിയുടെ റിജോണ്‍ ജോസിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കി. റൊമാരിയോ ജെസുരാജിന് പകരം നിജോ ഗില്‍ബര്‍ട്ടിനെ കൊണ്ടുവന്ന കൊച്ചിയുടെ ഗോള്‍ശ്രമങ്ങള്‍ ഒന്നും ഫലം കാണാതെ പോയി. എണ്‍പതാം മിനിറ്റില്‍ തിരുവനന്തപുരത്തിന്റെ ശരീഫ് ഖാനും രണ്ടാം മഞ്ഞക്കാര്‍ഡിന് പിന്നാലെ ചുവപ്പുകാര്‍ഡ് വാങ്ങി കളം വിട്ടു.

അടുത്ത മത്സരം ചൊവ്വാഴ്ച (നവംബര്‍ 18) തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും.