News

മെക്‌സിക്കോയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ തീപിടിത്തം; കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ മരിച്ചു

By webdesk18

November 02, 2025

മെക്‌സിക്കോ സിറ്റി: വടക്കുപടിഞ്ഞാറന്‍ മെക്‌സിക്കോയിലെ ഹെര്‍മോസിലോ നഗരത്തിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടായ തീപിടിത്തത്തിലും സ്‌ഫോടനത്തിലും കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.

സൊനോറ സംസ്ഥാനത്തിലെ ഹെര്‍മോസിലോയിലെ ”വാള്‍ഡോസ്” എന്ന കടയിലാണ് തീപിടിത്തം ഉണ്ടായത് എന്ന് സംസ്ഥാന ഗവര്‍ണര്‍ അല്‍ഫോന്‍സോ ഡുറാസോ അറിയിച്ചു. ഗവര്‍ണര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍, ”തീപിടിത്തത്തില്‍ 23 പേര്‍ മരിച്ചു, 11 പേര്‍ക്ക് പരിക്കേറ്റു,” എന്ന വിവരമാണ് പങ്കുവെച്ചത്.

‘ദുരന്തത്തില്‍ കുട്ടികളും ഉള്‍പ്പെട്ടത് അത്യന്തം വേദനാജനകമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്,” ഗവര്‍ണര്‍ ഡുറാസോ പറഞ്ഞു.

അപകടത്തിന്റെ കാരണം വ്യക്തമാക്കുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെക്‌സിക്കന്‍ റെഡ് ക്രോസ് പ്രസിഡന്റ് കാര്‍ലോസ് ഫ്രാനറിന്റെ വിവരമനുസരിച്ച്, മരണപ്പെട്ടവരില്‍ 12 സ്ത്രീകളും 5 പുരുഷന്മാരും 4 ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

അതേസമയം, തീപിടിത്തത്തെത്തുടര്‍ന്ന് രൂപപ്പെട്ട വിഷവാതകം ശ്വസിച്ചതാണ് ഭൂരിഭാഗം പേരുടെയും മരണകാരണം എന്ന് സംസ്ഥാന അറ്റോര്‍ണി ജനറല്‍ ഗുസ്താവോ സാലാസ് വ്യക്തമാക്കി.

തീപിടിത്തത്തിന്റെ ഭീകര ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. കടയ്ക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും തീയില്‍ കത്തിനശിച്ചു.