News

വിമര്‍ശനങ്ങള്‍ക്കിടയിലും സഞ്ജുവിന് പിന്തുണ; ധോണി ആഗ്രഹിക്കുന്ന താരമെന്ന് ശ്രീശാന്ത്

By Manya

February 01, 2026

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകണമെന്ന് ഇതിഹാസ താരം എം.എസ്. ധോണി വരെ ആഗ്രഹിക്കുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത്. സഞ്ജുവിന്റെ കഴിവില്‍ ഒരാള്‍ക്കും സംശയമുണ്ടാകില്ലെന്നും, ടീമിന്റെ പ്ലേയിങ് ഇലവനില്‍ അവസരം നല്‍കണമോയെന്ന കാര്യം പരിശീലകന്‍ ഗൗതം ഗംഭീറാണ് തീരുമാനിക്കേണ്ടതെന്നും ശ്രീശാന്ത് അഭിമുഖത്തില്‍ വ്യക്തമാക്കി.

സഞ്ജുവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ട ഉത്തരവാദിത്വം ഗംഭീറിനാണെന്നും, താരത്തിന് എല്ലാ ആശംസകളും നേരുന്നതായും ശ്രീശാന്ത് പറഞ്ഞു. സഞ്ജുവിന് തിരിച്ചുവരാന്‍ ഒരു മികച്ച ഇന്നിങ്‌സ് മതിയാകുമെന്നും, അത് സാധ്യമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്ന് വളര്‍ന്ന് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി ഇടം പിടിക്കുകയും, ഒരു ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനാകുകയും ചെയ്തത് എളുപ്പമല്ലാത്ത നേട്ടമാണെന്നും, അതിനാല്‍ സഞ്ജുവിനോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

അതേസമയം, സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള സാധ്യതയെക്കുറിച്ചും ശ്രീശാന്ത് പരാമര്‍ശിച്ചു. രവീന്ദ്ര ജഡേജയെ വിട്ടുകൊടുത്തുള്ള കൈമാറ്റത്തിലൂടെ സഞ്ജു സിഎസ്‌കെയിലെത്തുന്നത് അപൂര്‍വമായ സംഭവമായിരിക്കുമെന്നും, 2007, 2011 ലോകകപ്പുകളും ഐപിഎല്‍ കിരീടങ്ങളും നേടിയ എം.എസ്. ധോണി സഞ്ജുവിനെ തന്റെ ടീമില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നത് താരത്തിന്റെ മികവിന് വ്യക്തമായ തെളിവാണെന്നും ശ്രീശാന്ത് പറഞ്ഞു. സഞ്ജുവിന്റെ സ്ഥിരതയെക്കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ചും ശ്രീശാന്ത് പ്രതികരിച്ചു.

നിരവധി ഇതിഹാസ താരങ്ങള്‍ കരിയറില്‍ ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും, മോശം ഫോമിലുള്ള താരത്തെ കൂടുതല്‍ താഴേക്ക് തള്ളുന്നത് എളുപ്പമാണെങ്കിലും, ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.