ന്യൂഡല്‍ഹി : ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെതിരായ ദില്ലി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടികള്‍ റദ്ദാക്കി സുപ്രീംകോടതി.
നിലവിലെ പ്രതിസന്ധികള്‍ കോടതിയലക്ഷ്യം കൊണ്ട് അതിജീവിക്കാനാവില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്താല്‍ ഓക്‌സിജന്‍ ക്ഷാമം തീര്‍ക്കാന്‍ ആകുമോ എന്നും കോടതി ചോദിച്ചു. ഡല്‍ഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.
ഡല്‍ഹിക്ക് 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉറപ്പാക്കണമെന്നും ഓക്‌സിജന്‍ വിതരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി എന്താണെന്ന് അടുത്ത ദിവസം അറിയിക്കമെന്നും കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. ഓക്‌സിജന്‍ വിതരണം കൃത്യമായി കൈകാര്യം ചെയ്യുന്ന മുംബൈ കോര്‍പ്പറേഷന്‍ മികച്ച മാതൃകയാണെന്ന് കോടതി പറഞ്ഞു. ഓക്‌സിജന്‍ ഉറപ്പാക്കാനുള്ള നടപടികളുമായി ഡല്‍ഹി ഹൈക്കോടതിക്ക് മിന്നോട്ടുപോകാം. ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു.