india

ഉത്തര്‍പ്രദേശിലെ ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്തുന്നതിനുള്ള സ്റ്റേ നീട്ടി സുപ്രീം കോടതി

By webdesk18

January 22, 2025

ഉത്തര്‍പ്രദേശിലെ ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്തുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി വീണ്ടും നീട്ടി. 2023 ഡിസംബര്‍ 14 നാണ് പള്ളിയില്‍ അവകാശവാദം ഉന്നയിച്ച് ഹിന്ദു സംഘടന സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ അലഹബാദ് ഹൈക്കോടതി പള്ളിയില്‍ സര്‍വേയ്ക്ക് ഉത്തരവിടുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ നീട്ടിയത്.

ഈ നടപടിക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി സ്റ്റേ നല്‍കിയത്. കേസിലെ ഹരജികള്‍ ഏപ്രില്‍ ഒന്നിന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഷാഹി ഈദ്ഗാഹ് പള്ളിയില്‍ ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളുമുണ്ടന്ന് അവകാശപ്പെട്ടാണ് ഹൈന്ദവ വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനില്‍ക്കുന്നതെന്നും സര്‍വേ നടത്തണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കര്‍ സ്ഥലം തങ്ങള്‍ക്ക് കൈമാറണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.നേരത്തെ അലഹബാദ് ഹൈക്കോടതിയും ഈ ഹരജി തള്ളിയിരുന്നു.