ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിക്കു പിന്നിലെ ഗൂഢാലോചനയില്‍ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി. റിട്ട. ജസ്റ്റിസ് എ.കെ. പട്‌നായിക്കിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. സിബിഐ, ഐബി, ഡല്‍ഹി പൊലീസ് എന്നീ പ്രധാന ഏജന്‍സികള്‍ സംയുക്തമായി അന്വേഷിക്കും.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഗൊഗോയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണമുന്നയിക്കാന്‍ ഒന്നരക്കോടി വാഗ്ദാനം ചെയ്‌തെന്ന് അഭിഭാഷകന്‍ ഉത്സവ് ബൈന്‍സ് കോടതിയില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനാണ് സുപ്രീം കോടതി നീക്കം.

ഗൂഢാലോചനയില്‍ അഭിഭാഷകന്‍ നേരത്തേ തെളിവ് സമര്‍പ്പിച്ചിരുന്നു. അതേസമയം ഗൂഢാലോചനക്കാരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. മുദ്രവച്ച കവറിലാണ് ഉത്സവ് സിങ് ബൈന്‍സ് രേഖകള്‍ ഹാജരാക്കിയത്. അതേസമയം അഭിഭാഷകന്റെ നിലപാടിനെ എതിര്‍ത്ത് അറ്റോര്‍ണി ജനറല്‍ രംഗത്തെത്തി. ഗൂഢാലോചനക്കാരുടെ പേരു വെളിപ്പെടുത്താനാകില്ലെന്ന നിലപാടിനെതിരെയാണ് എജിയുടെ പ്രതികരണം.

കോര്‍പ്പറേറ്റ് വമ്പന്‍ ഉള്‍പ്പെട്ട വന്‍സംഘമാണു ലൈംഗിക പീഡന ആരോപണത്തിനു പിന്നിലെന്നാണ് അഭിഭാഷകന്‍ ഉത്സവ് വെളിപ്പെടുത്തിയത്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാരെ കണ്ടെത്തുക തന്നെ ചെയ്യുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു.