ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രസംഗത്തിന് ഡോക്ടര്‍ കഫീല്‍ ഖാന് എതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുക്കാനുള്ള യുപി സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ഇത്തരത്തില്‍ കേസെടുക്കാനാകില്ല എന്ന് സുപ്രിം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.

‘ക്രിമിനല്‍ കേസുകള്‍ അതിന്റെ മെറിറ്റ് അനുസരിച്ചാണ് തീരുമാനിക്കേണ്ടത്. മറ്റൊരു കേസിലെ കരുതല്‍ തടങ്കില്‍ വേറെ ഒരിടത്ത് പ്രയോഗിക്കരുത്’ – എസ്എ ബോബ്‌ഡെ വ്യക്തമാക്കി. കേസില്‍ കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിയാണ് യുപി സര്ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നത്.

‘ഹൈക്കോടതിയുടേത് മികച്ച ഉത്തരവാണ്. ആ ഉത്തരവില്‍ ഇടപെടേണ്ട കാര്യമുണ്ട് എന്ന് ഞങ്ങള്‍ക്കു തോന്നുന്നില്ല. എന്നാല്‍ നിരീക്ഷണങ്ങള്‍ കേസിന്റെ ക്രിമിനല്‍ നടപടി ക്രമങ്ങള്‍ ബാധിക്കരുത്’ – കോടതി വ്യക്തമാക്കി.

പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലിലാക്കിയ ഡോക്ടര്‍ കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ സെപ്തംബര്‍ ഒന്നിനാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. അലിഗര്‍ സര്‍വകലാശാലയില്‍ സിഎഎയ്ക്ക് എതിരെ നടത്തിയ പ്രസംഗത്തിലാണ് ഇദ്ദേഹത്തിനെതിരെ ജനുവരിയില്‍ കേസെടുത്തിരുന്നത്. പ്രസംഗം ഏതെങ്കിലും തരത്തിലുള്ള അക്രമത്തെ പ്രത്സാഹിപ്പിക്കുന്നില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.