india

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കും; സ്റ്റാലിന്‍

By webdesk17

April 03, 2025

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വഖഫ് ബില്ലില്‍ പ്രതിഷേധിച്ച് സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള ഡി.എം.കെ എം.എല്‍.എമാര്‍ കറുത്ത ബാഡ്ജണിഞ്ഞ് നിയമസഭയില്‍ എത്തിയത്. വലിയ പ്രതിഷേധങ്ങളും എതിര്‍പ്പുകളുമുണ്ടായിട്ടും പുലര്‍ച്ചെ രണ്ട് മണിക്ക് സഖ്യകക്ഷികളുടെ പിന്തുണയോടെ വഖഫ് ബില്‍ പാസാക്കിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

ബില്‍ ഇന്ത്യയുടെ അഖണ്ഡതക്കെതിരായ നീക്കമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. നിരവധി രാഷ്ട്രീയപാര്‍ട്ടികള്‍ വഖഫ് ബില്ലിനെ എതിര്‍ത്തെന്നും 232 പാര്‍ലമെന്റ് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തും 288 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്‌തെന്നും അദ്ദേഹം സൂചിപ്പിച്ചു. ബില്ലിനെ എതിര്‍ക്കുന്ന അംഗങ്ങളുടെ എണ്ണം ഉയര്‍ന്നിട്ടും ഭേദഗതികളില്ലാതെയാണ് ബില്‍ പാസാക്കിയതെന്നും ഇതിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് വഖഫ് ഭേദഗതി ബില്‍ പാസാക്കിയത്. പ്രതിപക്ഷത്തുനിന്ന് വലിയ എതിര്‍പ്പ് ഉയര്‍ന്നിട്ടും അതെല്ലാം അവഗണിച്ചാണ് ബില്‍ പാസാക്കിയത്.

എന്നാല്‍ ബില്ലില്‍ പ്രതിപക്ഷം ഭേദഗതികള്‍ നിര്‍ദേശിച്ചുവെങ്കിലും അതെല്ലാം തള്ളുകയായിരുന്നു.