തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ നീക്കം നടക്കുന്നതായി നിര്‍മാതാവ് ജി.സുരേഷ്‌കുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെറ്റു ചെയ്യാത്ത ആളെ ശിക്ഷിക്കുകയാണ്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റര്‍ പൂട്ടിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. ഇതിനു പിന്നില്‍ ആരാണെന്ന് കണ്ടത്തേണ്ടതുണ്ട്. ദിലീപിനെ പിന്തുണക്കാതെ സിനിമ രംഗത്തുള്ളവര്‍ ഒളിച്ചോടിയെന്നു ആരും കരുതേണ്ടതില്ല. നടിയെ ആക്രമിച്ച കേസില്‍ ഡി സിനിമാസിന് എന്തു ബന്ധമാണുള്ളത്. നടനും വിതരണക്കാരനും വ്യവസായിയുമായ ദിലീപിനു പല ഇടങ്ങളിലും നിക്ഷേപവും സ്വത്തുക്കളുമുണ്ടാകും. നിയമലംഘനം കണ്ടെത്താന്‍ സാധിക്കാത്തതോടെ ജനറേറ്റര്‍ വിഷയം ഉന്നയിച്ച് ഡി സിനിമാസ് പൂട്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനു പിന്നിലെ ഗൂഢലക്ഷ്യം കണ്ടെത്തേണ്ടതുണ്ടെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. ചാനല്‍ ചര്‍ച്ചകളിലും മറ്റും ദിലീപിനെതിരെ വാദിച്ചവര്‍ സമാന കേസുകളില്‍ പ്രമുഖര്‍ അറസ്റ്റിലായപ്പോള്‍ ശബ്ദിക്കുന്നില്ല. സ്വാര്‍ത്ഥതക്കു വേണ്ടി ചാനല്‍ചര്‍ച്ചകളില്‍ ദിലീപിനെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ സിനിമാ സംഘടനകള്‍ പിന്നീട് ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജയിലിലായതിനു ശേഷം സിനിമാമേഖലയില്‍ നിന്ന് ഇതാദ്യമായാണ് ദിലീപിന് ഇത്തരമൊരു പിന്തുണ ലഭിക്കുന്നത്.