News

ശസ്ത്രക്രിയ പൂർത്തിയായി; ഉഷയുടെ വയറ്റില്‍ നിന്നും കത്രിക പുറത്തെടുത്തു

By Manya

February 21, 2026

കൊച്ചി: അമൃത ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഉഷ ജോസഫിന്റെ വയറ്റില്‍ കുടുങ്ങിയിരുന്ന കത്രിക പുറത്തെടുത്തു. വണ്ടാനം മെഡിക്കല്‍ കോളെജിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഉണ്ടായ സംഭവമായിരുന്നുവിത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും രോഗിയുടെ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കൊപ്പം എറണാകുളം മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി. പുറത്തെടുത്ത കത്രിക ആശുപത്രി അധികൃതര്‍ അമ്പലപ്പുഴ പൊലീസിന് കൈമാറി.

സംഭവത്തില്‍ ഉഷ ജോസഫിന്റെ ഭര്‍ത്തൃസഹോദരി നല്‍കിയ പരാതിയില്‍ അന്നത്തെ ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ പ്രതി ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശസ്ത്രക്രിയ നിര്‍വഹിച്ചത് ഡോ. ഷാഹിദയാണെന്ന് ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ ഒബ്സ്‌ടെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. ഷാഹിദയെ കേസില്‍ പ്രതിയാക്കിയിട്ടില്ല. എന്നാല്‍ അന്വേഷണവിധേയമായി ഡോ. ഷാഹിദയെയും ഗ്രേഡ് വണ്‍ നഴ്‌സായ ധന്യ പി.എസ്‌നെയും ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.

2021 മെയ് മാസത്തിലാണ് ഉഷ ജോസഫിന് മുഴ നീക്കംചെയ്യാനുള്ള ശസ്ത്രക്രിയ നടന്നത്. തുടര്‍ന്ന് കഠിനമായ വയറുവേദന അനുഭവപ്പെട്ടതായി അവര്‍ പറഞ്ഞു. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടും പ്രശ്‌നം മാറിയില്ല. മൂത്രത്തിലൂടെ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആദ്യം മൂത്രസഞ്ചിയില്‍ കല്ലാണെന്ന് പറഞ്ഞത്.

പിന്നീട് നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയതായി കണ്ടെത്തി. ഇതോടെയാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയത്.