ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ യൂണിറ്റ് ചീഫായിരുന്ന ഡോ. ലളിതാംബികയ്ക്കെതിരെ കേസെടുത്തു. അമ്പലപ്പുഴ പോലീസാണ് ഭാരതീയ ന്യായ സംഹിതയിലെ (BNS) 125, 125(a) വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
സംഭവത്തില്‍ നേരിട്ട് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയെയും, നഴ്സിംഗ് ഓഫീസര്‍ ധന്യയെയും ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു.
ഉഷാ ജോസഫ് 2021 മേയ് 3-നാണ് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അന്ന് വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ച് വര്‍ഷത്തോളമാണ് ഉഷ വേദന സഹിച്ചു ജീവിച്ചത്.
‘അഞ്ചല്ല, 50 വര്‍ഷം കത്രിക വയറ്റിലിരുന്നാലും ഒന്നും സംഭവിക്കില്ല’ എന്ന ഡോ. ലളിതാംബികയുടെ പ്രതികരണം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയത് താനല്ലെന്നും ആ സമയത്ത് കോവിഡ് ഡ്യൂട്ടിയിലായിരുന്നു എന്നുമാണ് ഡോക്ടറുടെ വാദം.
വിട്ടുമാറാത്ത വയറുവേദനയെത്തുടര്‍ന്ന് നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് കത്രിക വയറ്റില്‍ കണ്ടെത്തിയത്. നേരത്തെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയപ്പോള്‍ ‘മൂത്രത്തില്‍ കല്ലാണെന്ന്’ പറഞ്ഞ് മരുന്ന് നല്‍കി തിരിച്ചയച്ചതായും കുടുംബം ആരോപിക്കുന്നു.
നിലവില്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് ഉഷ.