kerala

നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് സൂര്യ

By webdesk18

December 21, 2025

മലയാളത്തിന്റെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് തെന്നിന്ത്യൻ താരം സൂര്യ. ഇന്നലെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്താൻ സാധിക്കാതിരുന്ന സൂര്യ ഇന്ന് രാവിലെ തന്നെ കണ്ടനാടുള്ള ശ്രീനിവാസന്റെ വീട്ടിലെത്തി ആദരമർപ്പിച്ചു.

കുഞ്ഞുനാൾ മുതൽ തന്നെ ശ്രീനിവാസന്റെ വലിയ ആരാധകനാണെന്ന് സൂര്യ പറഞ്ഞു. സിനിമയിൽ താൻ എത്തുന്നതിന് മുൻപേ അദ്ദേഹത്തിന്റെ സൃഷ്ടികൾ പിന്തുടർന്നിരുന്നുവെന്നും, കൊച്ചിയിൽ ഉണ്ടായിരുന്ന സമയത്താണ് വിയോഗവാർത്ത അറിഞ്ഞതെന്നും സൂര്യ പറഞ്ഞു. ഈ വാർത്ത ഏറെ വേദനയുണ്ടാക്കിയതായും, നേരിട്ട് വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കണമെന്ന് തോന്നിയതായും അദ്ദേഹം പറഞ്ഞു. “അദ്ദേഹത്തിന്റെ സംഭാവനകൾ, പഠിപ്പിച്ച കാര്യങ്ങൾ, എഴുത്ത് തുടങ്ങി സിനിമയ്ക്കായി അദ്ദേഹം നൽകിയതെല്ലാം എന്നും ഓർമ്മിക്കപ്പെടും. ആത്മാവിന് നിത്യശാന്തി നേരുന്നു,” സൂര്യ പറഞ്ഞു.

കണ്ടനാടുള്ള വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ 10 മണിയോടെയാണ് ശ്രീനിവാസന്റെ സംസ്കാരം നടന്നത്. എറണാകുളം ടൗൺഹാളിൽ ഇന്നലെ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരും അന്തിമോപചാരം അർപ്പിച്ചിരുന്നു.

ഇന്നലെ രാവിലെ 8.30ഓടെയാണ് ശ്രീനിവാസന്റെ മരണം സ്ഥിരീകരിച്ചത്. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ആരോഗ്യനില മോശമായത്. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉടൻ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.