പട്‌ന: അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ബന്ധു അടക്കം രണ്ടുപേര്‍ക്ക് ബിഹാറില്‍ വെടിയേറ്റു. വെടിയേറ്റ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. മൂന്നുപേരടങ്ങുന്ന സംഘമാണ് വെടിവെപ്പ് നടത്തിയത്.

ബിഹാറിലെ സഹര്‍സ ജില്ലയില്‍ ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സുശാന്തിന്റെ ബന്ധു രാജ്കുമാര്‍ സിങ്ങും സഹായി അലി ഹസനും ആക്രമിക്കപ്പെടുന്നത്. അടുത്തുള്ള മധേപുര ജില്ലയിലേക്കുള്ള യാത്രക്കിടെയായിരുന്നു അക്രമം. ബിസിനസ് ആവശ്യങ്ങള്‍ക്കായി മറ്റു ജില്ലകളിലേക്കുള്ള ഇവരുടെ യാത്ര പതിവാണ്.

യാത്രയ്ക്കിടെ സഹര്‍സ കോളജിനു സമീപത്തു വച്ച് അക്രമിസംഘം രാജ്കുമാറിന്റെ കാര്‍ തടയുകയായിരുന്നു. വഴിയാത്രക്കാര്‍ ഇടപെട്ട് ഇരുവരെയും ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അലി ഹസന്റെ അവസ്ഥ ഗുരുതരമാണ്. പ്രതികളെ സംബന്ധിച്ച സൂചനകള്‍ ലഭ്യമായെന്നും ഉടന്‍ പിടിയിലാവുമെന്നും ജില്ലാ പൊലീസ് മേധാവി ലിപി സിങ് പറഞ്ഞു. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുള്ള അക്രമം എന്ന വാദമുണ്ടെങ്കിലും എല്ലാ വശവും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.