ന്യൂഡല്‍ഹി: ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വിധേയമാക്കും. സുഷമ ട്വിറ്ററില്‍ കുറിച്ചതാണ് ഇക്കാര്യം. ‘വൃക്കരോഗത്തെത്തുടര്‍ന്ന് ഞാന്‍ എയിംസ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഡയലാസിസിന് വിധേയയായി കൊണ്ടിരിക്കുകയാണ്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കാവശ്യമായ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏവരുടെയും പ്രാര്‍ത്ഥന ആവശ്യമാണ്’-ഇങ്ങനെയായിരുന്നു സുഷമയുടെ ട്വിറ്റ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ സുഷമയുടെ നില മോശമാണെന്ന് വ്യക്തമാക്കിയിരുന്നു. പ്രമേഹം ഉയര്‍ന്നതാണ് വൃക്കകളെ തകരാറിലാക്കിയതെന്നാണ് എയിംസ് ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. നേരത്തെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മ്യാന്മാര്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം സുഷമ റദ്ദാക്കിയിരുന്നു.