വര്‍ക്കല : വര്‍ക്കല വധശ്രമ കേസ് ഉള്‍പ്പെടെ തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മോഷണ കേസുകളില്‍ പ്രതികളായ രണ്ട് യുവാക്കളെ വര്‍ക്കല ടൂറിസം പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശികളായ ശരവണന്‍ (22), ഗോകുല്‍ ദിനേഷ് (24) എന്നിവരാണ് പിടിയിലായത്. പാപനാശം സഞ്ചാരമേഖലയില്‍ സംശയാസ്പദമായി സഞ്ചരിക്കുന്നതായി കണ്ടതോടെയാണ് പൊലീസ് ഇവരെ തടഞ്ഞ് ചോദ്യം ചെയ്തത്. തുടര്‍ പരിശോധനയില്‍ തമിഴ്‌നാട് വടവാളി പൊലീസ് സ്‌റ്റേഷനില്‍ പല മോഷണ കേസുകളിലും ഇവര്‍ പ്രതികളാണെന്ന് തിരിച്ചറിഞ്ഞു. വര്‍ക്കല പ്രദേശത്ത് നടന്ന വധശ്രമ സംഭവത്തിലും ഇവരുടെ പങ്കുണ്ടെന്നാണ് അന്വേഷണ സൂചന. ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ തുടര്‍ നിയമനടപടികള്‍ക്കായി തമിഴ്‌നാട് പൊലീസിന് കൈമാറിയതായി വര്‍ക്കല പൊലീസ് അറിയിച്ചു.