kerala

കഴക്കൂട്ടത്ത് സ്റ്റേഷന് മുന്നിലിരുന്ന് മദ്യപിച്ച പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

By Lubna Sherin K P

January 27, 2026

തിരുവനന്തപുരം: കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുമ്പില്‍വെച്ച് പരസ്യമായി മദ്യപിച്ച ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പോലീസിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും ഗുരുതരമായ അച്ചടക്കലംഘനവും അധികാര ദുര്‍വിനിയോഗവുമാണ് നടന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടേതാണ് നടപടി.

എസ്.ഐ. ബിനു, അരുണ്‍, സി.പി.ഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖില്‍രാജ് എന്നിവരെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. സ്റ്റേഷന് മുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ വാഹനത്തിലിരുന്നായിരുന്നു ഉദ്യോഗസ്ഥരുടെ മദ്യപാനം. ഒരു വിവാഹ സല്‍ക്കാരത്തിന് പോകുന്നതിന് മുന്നോടിയായാണ് ഇവര്‍ മദ്യപിച്ചതെന്നാണ് പ്രാഥമികമായി വന്ന വിവരം.

ഉദ്യോഗസ്ഥര്‍ മദ്യപിച്ചത് ഡ്യൂട്ടിയിലായിരുന്നപ്പോഴാണെന്ന് സൈബര്‍ എ.സി.പി.യുടെ അന്വേഷണത്തില്‍ കണ്ടെത്തി. വാഹനമോടിക്കുന്ന സി.പി.ഒ ഉള്‍പ്പെടെയുള്ളവര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് നാര്‍ക്കോട്ടിക് എ.സി.പി.യെ ചുമതലപ്പെടുത്തി. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.