കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സ്‌പേസ് പാര്‍ക്കിലെ നിയമനത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കുറ്റപത്രം. കോടതിയില്‍ സമര്‍പ്പിച്ച ഭാഗിക കുറ്റപത്രത്തിലാണ് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്ത ആയതിനാലാണ് സ്വപ്‌നയ്ക്ക് നിയമനം ലഭിച്ചതെന്നും ഇ.ഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു.

ജോലിക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു വേണ്ടതു ചെയ്യാമെന്ന് ശിവശങ്കര്‍ സ്വപ്‌നയ്ക്ക് ഉറപ്പുനല്‍കിയിരുന്നു. ഇതിനുശേഷമാണ് സ്‌പേസ് പാര്‍ക്ക് സിഇഒ വിളിച്ച് സ്വപ്‌ന ജോലിയില്‍ ചേരാന്‍ നിര്‍ദേശം നല്‍കിയത്. സ്വപ്‌ന ആറ് തവണ ശിവശങ്കറിനെ കണ്ടപ്പോള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നു. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ സ്വപ്‌നയെ മുഖ്യമന്ത്രിക്ക് പരിചയമുണ്ടായിരുന്നതായും കുറ്റപത്രത്തിലുണ്ട്.

കെ.എസ്.ഐ.ടി.ഐ.എല്‍ എം.ഡിയേയും സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷിനേയും കാണാന്‍ സ്വപ്‌നയോട് ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് സന്തോഷ് സ്വപ്‌നയെ വിളിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്. സപേസ് പാര്‍ക്കിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് മനസിലാക്കാനാണ് ഇവരെ കാണാന്‍ നിര്‍ദേശിച്ചതെന്നും സ്വപ്‌ന നല്‍കിയ മൊഴിയെ ഉദ്ധരിച്ച് കുറ്റപത്രം പറയുന്നു.

എം ശിവശങ്കറിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് കുറ്റപത്രം ആവശ്യപ്പെടുന്നത്. സ്വപ്‌നയുമായുള്ള ഇടപാടുകളില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും സ്വപ്‌നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ചുള്ള ചില വാട്‌സാപ്പ് സന്ദേശങ്ങളില്‍ ദുരൂഹതയുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കുറ്റപത്രത്തിലെ 13, 14 പേജുകളിലാണ് ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിശദീകരിക്കുന്നത്. സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള ബന്ധം തുടങ്ങുന്നതുമുതലുള്ള കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു. പ്രാഥമിക കുറ്റപത്രമാണ് കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് സമര്‍പ്പിച്ചത്. ഇന്നലെയാണ് കൊച്ചിയിലെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

സ്വപ്‌നയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന പല അവസരങ്ങളിലും അവരെ ശിവശങ്കര്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഈ പണം സ്വപ്‌ന സുരേഷ് മടക്കി നല്‍കിയിട്ടില്ല. സ്‌പേസ് പാര്‍ക്കില്‍ ജോലി തരപ്പെടുത്തിയതും ശിവശങ്കര്‍ വഴിയാണ്. അപേക്ഷയില്‍ റഫറന്‍സായി നല്‍കിയത് ശിവശങ്കറിന്റെ പേരായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ പരിചയപ്പെടുത്തിയ നല്‍കിയതും ശിവശങ്കര്‍ തന്നെ കുറ്റപത്രം പറയുന്നു.

സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കര്‍ തുറക്കാന്‍ സഹായിച്ചത് എം ശിവശങ്കറാണെന്ന് നേരത്തേ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ മൊഴി നല്‍കിയിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് ലോക്കര്‍ തുറന്നുകൊടുത്തതും മറ്റ് സഹായങ്ങള്‍ നല്‍കിയതും. ഇത് സംബന്ധിച്ച് ശിവശങ്കറും വേണുഗോപാല്‍ അയ്യരും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളില്‍ ഇനിയും വ്യക്തതയില്ലെന്നാണ് ഇഡി കുറ്റപത്രം പറയുന്നത്.

സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരെ പ്രതികളാക്കിയാണ് ഇഡി പ്രാഥമിക കുറ്റപത്രം നല്‍കിയിരിക്കുന്നത്. എം ശിവശങ്കര്‍ ഉള്‍പ്പടെയുള്ളവരെ പ്രതികളായി ചേര്‍ത്തിട്ടില്ല. എന്നാല്‍ ആരോപണ വിധേയരായവരെ കുറിച്ച് ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്.