സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോര്‍ന്ന സംഭവത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോര്‍ന്നത് പ്രത്യേക ഉദ്ദേശത്തോടെയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതേസമയം, ആരോപണ വിധേയനായിരുന്ന കസ്റ്റംസ് ഏസി പി എസ് എന്‍ ദേവിനെ സ്ഥലം മാറ്റി.

തിരുവനന്തപുരം സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ വിവരങ്ങളാണ് കസ്റ്റംസില്‍ നിന്നും ചോര്‍ന്നത്. കസ്റ്റംസ് നിയമത്തിലെ 108 പ്രകാരം ഉള്ള മൊഴി ചോര്‍ന്നതിന് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ കസ്റ്റംസ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. 32 പേജുള്ള മൊഴികളില്‍ മൂന്ന് പേജ് മാത്രം പുറത്ത് വിട്ടത് പ്രത്യേക ഉദ്ദേശത്തോടെയാണെന്ന് കസ്റ്റംസിലെ ഉന്നത വിഭാഗത്തിന്റെ നിഗമനം.
ഉത്തരവാദികളെ ഉടന്‍ കണ്ടെത്താനാണ് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദേശം. രഹസ്യ മൊഴി ലഭിച്ചതെങ്ങനെയെന്ന് മാധ്യമ പ്രവര്‍ത്തകരോടടക്കം കസ്റ്റംസ് ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ ആരോപണ വിധേയനായ കസ്റ്റംസ് പ്രിവന്റീവ് അസി.കമ്മീഷണര്‍ എസ് എന്‍ ദേവിനെ സ്ഥലം മാറ്റിയിരുന്നു.