തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷനുകള്‍ എന്നിവയിലെ അംഗങ്ങളാണ് രാവിലെ സത്യപ്രതിജ്ഞ ചെയ്യുക.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് വരണാധികാരികളുടെ നേതൃത്വത്തിലാണ് സത്യപ്രതിജ്ഞ. ആദ്യം മുതിര്‍ന്ന അംഗം സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് അദ്ദേഹമാണ് മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുക. കോര്‍പറേഷന്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ 11.30നാണ് നടക്കുക. കോര്‍പറേഷനുകളിലും ജില്ല പഞ്ചായത്തുകളിലും ജില്ലാ കലക്ടര്‍മാര്‍ക്കാണ് ചടങ്ങുകളുടെ ചുമതല.
നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബര്‍ 21ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അവധി ദിനമായിട്ടും അതേദിവസം തന്നെ സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം, പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്ത അംഗത്തിന്റെ നേതൃത്വത്തില്‍ ആദ്യ യോഗവും ചേരും.
ഇന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാത്ത അംഗങ്ങള്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിന് ശേഷമേ അവസരം ലഭിക്കൂ. മേയര്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ 26നാണ് നടക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 27നാണ് നിശ്ചയിച്ചിരിക്കുന്നത്.