പാരിസ്: പൊതുസമൂഹത്തിന് ഭീഷണിയാണെന്ന് ആരോപിച്ച് സ്വിസ് ഇസ്്‌ലാമിക പ്രഭാഷകന്‍ ഹാനി റമദാനെ ഫ്രാന്‍സ് നാടുകടത്തി. കിഴക്കന്‍ ഫ്രാന്‍സിലെ കോള്‍മറില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഹാനി റമദാന്‍ അറസ്റ്റിലായത്. തുര്‍ന്ന് സ്വിസ് അതിര്‍ത്തിയിലേക്ക് അയക്കുകയായിരുന്നു. സ്വിസ് സര്‍വകലാശാല പ്രൊഫസറും ബുദ്ധിജീവിയുമായ താരിഖ് റമദാന്റെ സഹോദരനും മുസ്്‌ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഹസനുല്‍ ബന്നയുടെ പേരമകനുമെന്ന നിലയില്‍ ഹാനി റമദാന്‍ ഫ്രഞ്ച് അധികാരികളുടെ നിരീക്ഷണത്തിലായിരുന്നു. ഫ്രഞ്ച് മണ്ണില്‍ ക്രമസമാധാനത്തിന് ഭീഷണി സൃഷ്ടിക്കുന്ന രൂപത്തില്‍ അദ്ദേഹം പ്രസംഗിക്കുകയും പെരുമാറുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. 2002ല്‍ വ്യഭിചാരികളെ എറിഞ്ഞുകൊല്ലുന്നതിനെ ന്യായീകരിച്ച് ഫ്രഞ്ച് പത്രത്തില്‍ ലേഖനമെഴുതിയതിനെ തുടര്‍ന്ന് സ്വിസ് സ്‌കൂളില്‍ പഠിപ്പിക്കുന്നതില്‍നിന്ന് ഹാനിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ആറുവര്‍ഷത്തിനുശേഷം ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന് രണ്ടു ലക്ഷത്തിലേറെ യൂറോ നഷ്ടപരിഹാരമായി കിട്ടി. ഹാനിയുടെ സഹോദരന്‍ താരിഖ് റമദാന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.