ദമസ്‌കസ്: പടിഞ്ഞാറന്‍ സിറിയയിലെ സൈനിക കേന്ദ്രത്തില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മസിയാഫ് നഗരത്തിനു സമീപമുള്ള സൈനിക താവളത്തിന് ആക്രമണത്തില്‍ നാശനഷ്ടമുണ്ടായതായും സിറിയന്‍ വാര്‍ത്താ ഏജന്‍സി സന അറിയിച്ചു.
മേഖലയുടെ സുരക്ഷക്കും സുസ്ഥിരതക്കും നേരെയുള്ള കടന്നാക്രമണത്തിന് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് സിറിയന്‍ സേന മുന്നറിയിപ്പുനല്‍കി. ലബനീസ് വ്യോമാതിര്‍ത്തിയില്‍നിന്നാണ് ഇസ്രാഈല്‍ ആക്രമണം നടത്തിയത്. ഭരണകൂടവുമായി ഏറ്റുമുട്ടുന്ന ഭീകരരെ സഹായിക്കാനാണ് ഇസ്രാഈലിന്റെ ശ്രമമെന്നും സിറിയ ആരോപിച്ചു. ലബനീസ് വ്യോമാതിര്‍ത്തിയില്‍നിന്ന് ഇസ്രാഈല്‍ പോര്‍വിമാനങ്ങള്‍ എണ്ണമറ്റ മിസൈലുകള്‍ തൊടുത്തുവിട്ടതായി സൈന്യം പറയുന്നു. ആരോപണത്തോട് ഇസ്രാഈല്‍ പ്രതികരിച്ചിട്ടില്ല.
ഇസ്രാഈല്‍ സേന തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായി ലബനാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സിറിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇറാനെയും ഹിസ്ബുല്ലയേയും ദുര്‍ബലപ്പെടുത്താനാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രാഈലിന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ മുന്‍ മേധാവി യാകോസ് അമിഡ്‌റോര്‍ പറഞ്ഞു. സിറിയന്‍ ഭരണകൂടമല്ല തങ്ങളുടെ വിഷയമെന്നും ഇറാന്റെയും ഹിസ്ബുല്ലയുടേയും ശക്തിക്ഷയമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മസിയാഫ് നഗരത്തിന് വടക്ക് സിറിയയുടെ പരിശീലന ക്യാമ്പും ശാസ്ത്ര പഠന, ഗവേഷണ കേന്ദ്ര(എസ്.എസ്.ആര്‍.സി)വും പ്രവര്‍ത്തിക്കുന്നുണ്ട്. ഏപ്രിലില്‍ ഖാന്‍ ഷെയ്ഖൂനില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട രാസായുധ പ്രയോഗത്തിനുള്ള വിഷവാതകം ഉല്‍പാദിപ്പിച്ചത് എസ്.എസ്.ആര്‍.സിയിലാണെന്ന് അമേരിക്ക ആരോപിക്കുന്നു.