News

ടി20: ന്യൂസിലൻഡിന് 50 റൺസ് ജയം, ഇന്ത്യയ്ക്ക് പരമ്പരയിൽ തിരിച്ചടി

By sreenitha

January 29, 2026

വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 50 റൺസ് തോൽവി. കിവീസ് ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 165 റൺസിൽ ഓൾ ഔട്ടായി. പരിക്കുമൂലം ഇഷാൻ കിഷൻ ടീമിൽ ഇല്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് മത്സരത്തിലെ താരമായി തിളങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് വിശാഖപട്ടണത്ത് തകർപ്പൻ തുടക്കമാണ് നേടിയത്. ഒമ്പത് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 100 റൺസ് കടന്ന കിവീസ് പിന്നീട് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ഓപ്പണർ ടിം സെയ്‌ഫെർട്ടിന്റെ അർധസെഞ്ച്വറിയും പുറത്താകാതെ 39 റൺസ് നേടിയ ഡാരിൽ മിച്ചലിന്റെയും ബാറ്റിങ് മികവിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന മികച്ച സ്കോറിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ അഭിഷേക് ശർമ പുറത്തായി. പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. സഞ്ജു സാംസണും റിങ്കു സിങ്ങും ചേർന്ന് പോരാട്ടം നടത്തിയെങ്കിലും ഏഴാം ഓവറിൽ 24 റൺസ് നേടിയ സഞ്ജു മിച്ചൽ സാന്റ്നറുടെ പന്തിൽ പുറത്തായി. തുടർന്ന് ഹർദിക് പാണ്ട്യയും റിങ്കു സിങ്ങും മടങ്ങിയതോടെ 11ാം ഓവറിൽ ഇന്ത്യ 85 റൺസിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി.

15 പന്തിൽ 52 റൺസ് നേടി അർധസെഞ്ച്വറി പൂർത്തിയാക്കിയ ശിവം ദുബേ ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും 15ാം ഓവറിൽ റൺഔട്ടായി. തുടർന്ന് വിക്കറ്റുകൾ തുടർച്ചയായി വീണതോടെ ഇന്ത്യ 165 റൺസിൽ ഓൾ ഔട്ടാകുകയായിരുന്നു.

പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ജനുവരി 31ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക.