News

ട്വന്റി-ട്വന്റി ലോകകപ്പ്: ബഹിഷ്കരണ ഭീഷണിയുമായി പാകിസ്താൻ

By sreenitha

January 24, 2026

ട്വന്റി-ട്വന്റി ലോകകപ്പിൽ നിന്ന് പിന്മാറാനുള്ള ഭീഷണിയുമായി പാകിസ്താൻ. ടൂർണമെന്റിൽ പങ്കെടുക്കണമോയെന്ന കാര്യം പാക് സർക്കാർ തീരുമാനിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അധ്യക്ഷൻ മൊഹ്സിൻ നഖ്വി വ്യക്തമാക്കി. ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയ ഐസിസി തീരുമാനത്തിലാണ് പിസിബിക്ക് കടുത്ത അതൃപ്തിയെന്നാണ് സൂചന.

ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാട് ബംഗ്ലാദേശ് ആവർത്തിച്ചതിനെ തുടർന്ന്, ബംഗ്ലാദേശിനെ ഒഴിവാക്കി സ്കോട്ട്ലൻഡിനെ പകരം ഉൾപ്പെടുത്താൻ ഐസിസി തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് പാകിസ്താന്റെ തുറന്ന എതിർപ്പ്.

2025ലെ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യൻ ടീമിന് കൈമാറാതെ ഇപ്പോഴും കൈവശം വെച്ചിരിക്കുന്ന നഖ്വി, ടി20 ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന ഭീഷണി ബംഗ്ലാദേശിന് പിന്തുണ നൽകികൊണ്ടുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു. “ബംഗ്ലാദേശിനോട് അന്യായമായാണ് പെരുമാറിയത്. ഐസിസിയുടെ ബോർഡ് യോഗത്തിലും ഞാൻ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഒരു രാജ്യത്തിന് ഒരു നിലപാടും മറ്റൊരു രാജ്യത്തിന് വിപരീതമായ നിലപാടും സ്വീകരിക്കുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല,” എന്നാണ് നഖ്വിയുടെ പ്രതികരണം.

ബംഗ്ലാദേശിനെ ലോകകപ്പ് കളിക്കാൻ അനുവദിക്കണമെന്നും അനീതി കാട്ടരുതെന്നും നഖ്വി ആവശ്യപ്പെട്ടു. പാകിസ്താൻ ലോകകപ്പ് ബഹിഷ്കരിച്ചാൽ, പകരം റാങ്കിംഗിൽ 21-ാം സ്ഥാനത്തുള്ള ഉഗാണ്ടയെ ഉൾപ്പെടുത്താനുള്ള സാധ്യതയും ഐസിസി പരിഗണിക്കുന്നുണ്ട്.

ഇന്ത്യയിൽ കളിക്കാൻ കഴിയില്ലെന്ന നിലപാട് ബംഗ്ലാദേശ് ആവർത്തിച്ചതോടെയാണ് ഐസിസി അവരെ ടി20 ലോകകപ്പിൽ നിന്ന് പുറത്താക്കിയത്. ബംഗ്ലാദേശിന് പകരം ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡ് കളിക്കും. ഇതോടെ ബംഗ്ലാദേശ് ക്രിക്കറ്റിന് കോടികളുടെ വരുമാനനഷ്ടമാണ് നേരിടേണ്ടി വരുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ വാർഷിക വരുമാനത്തിൽ ഏകദേശം 60 ശതമാനം വരെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.