News

ടി20 ലോകകപ്പ്: ബംഗ്ലാദേശ് മത്സരങ്ങൾക്ക് തിരുവനന്തപുരവും ചെന്നൈയും വേദിയായേക്കും

By sreenitha

January 12, 2026

മുംബൈ: ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങൾക്ക് തിരുവനന്തപുരവും ചെന്നൈയും വേദിയായേക്കുമെന്ന സൂചന. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ഐസിസി അംഗീകരിക്കാനിടയില്ലെന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലോകകപ്പ് തുടങ്ങാൻ വെറും മൂന്ന് ആഴ്ച മാത്രമാണ് ശേഷിക്കെ, ബംഗ്ലാദേശ് ഇന്ത്യയിലേക്ക് എത്തുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. നിലവിലെ മത്സരക്രമപ്രകാരം ഫെബ്രുവരി 7ന് വെസ്റ്റ് ഇൻഡീസിനെതിരെയും, ഫെബ്രുവരി 9ന് ഇറ്റലിയെതിരെയും, ഫെബ്രുവരി 14ന് ഇംഗ്ലണ്ടിനെതിരെയും ബംഗ്ലാദേശ് കൊൽക്കത്തയിൽ കളിക്കണം. തുടർന്ന് ഫെബ്രുവരി 17ന് നേപ്പാളിനെതിരെ മുംബൈയിലാണ് അടുത്ത മത്സരം.

വേദികൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷനുമായും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനുമായും ബിസിസിഐ ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. ഇതിനോടകം തന്നെ ചെപ്പോക്ക് സ്റ്റേഡിയം ഏഴ് മത്സരങ്ങളുടെ വേദിയായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

ബിസിസിഐയുടെ നിർദ്ദേശത്തെ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കിയതോടെയാണ് ഇന്ത്യയിലേക്കുള്ള യാത്രയെക്കുറിച്ച് ബംഗ്ലാദേശ് സുരക്ഷാ ആശങ്കകൾ ഉന്നയിച്ചത്. ഇതുസംബന്ധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് രണ്ട് തവണ കത്തെഴുതി മത്സരവേദി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഫെബ്രുവരി ഏഴിന് ടൂർണമെന്റ് ആരംഭിക്കാനിരിക്കെ, ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റുന്നത് വലിയ വെല്ലുവിളിയാകുമെന്നാണ് ഐസിസിയുടെ നിലപാട്. ഇതോടെ ഇന്ത്യയിൽ തന്നെ, തിരുവനന്തപുരവും ചെന്നൈയും ഉൾപ്പെടെയുള്ള വേദികളിലേക്ക് ബംഗ്ലാദേശ് മത്സരങ്ങൾ മാറ്റാൻ സാധ്യതയുണ്ടെന്നാണ് സൂചന.