hearloss – Chandrika Daily https://www.chandrikadaily.com Wed, 08 Apr 2026 08:15:58 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg hearloss – Chandrika Daily https://www.chandrikadaily.com 32 32 ഇയർഫോൺ ഉപയോഗം കേൾവിത്തകരാറിന് കാരണമാകുമോ? https://www.chandrikadaily.com/can-earphone-use-cause-hearloss.html https://www.chandrikadaily.com/can-earphone-use-cause-hearloss.html#respond Wed, 08 Apr 2026 08:14:20 +0000 https://www.chandrikadaily.com/?p=380535 ഡോ. ഷംന ശ്രീധരൻ
ഇ.എൻ.ടി കൺസൾട്ടന്റ്,
ആസ്റ്റർ മിംസ് കോഴിക്കോട്

ഇയർഫോണുകൾ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ജോലി ആവശ്യങ്ങൾക്കോ വിനോദത്തിനോ വേണ്ടി മണിക്കൂറുകളോളം ഇവ ഉപയോഗിക്കുന്നവർ നമുക്കിടയിലുണ്ട്. സംഗീതം ആസ്വദിക്കാനും ദീർഘനേരം ഫോണിൽ സംസാരിക്കാനും ഇവ നൽകുന്ന സ്വകാര്യത ചെറുതല്ല. എന്നാൽ ഇയർഫോണിൻ്റെ ഉപയോഗം നമ്മുടെ കേൾവിശക്തിയെ എങ്ങനെ ബാധിക്കുന്നുവെന്നും ഈ ഡിവൈസുകൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.

അമിതമായ ഇയർഫോൺ ഉപയോഗം കേൾവിത്തകരാറിന് (Noise-Induced Hearing Loss) കാരണമാകുമെന്നത് ഗൗരവകരമായ ഒരു ആരോഗ്യപ്രശ്നമാണ്. ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ പ്രകാരം ജനസംഖ്യയിൽ നാലിലൊരാൾക്ക് കേൾവി സംബന്ധമായ തകരാറുകൾ കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഇത്തരം പ്രശ്നങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണം ഇയർഫോണുകളുടെയും ഇയർബഡുകളുടെയും അമിതമായ ഉപയോഗമാണ്. ഇയർ ബഡ്‌സിന്റെയും ഇയർഫോണിന്റെയും ഉപയോഗം കാതുകൾക്കുള്ളിൽ നേരിട്ട് ശബ്ദം എത്തിക്കുമ്പോൾ കേൾവി സംബന്ധമായ തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു അതിനാൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

ശബ്ദം വില്ലനാകുന്നത് എങ്ങനെ?

നമ്മൾ കേൾക്കുന്ന ശബ്ദം ചെവിക്ക് ഹാനികരമാകുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. ഒന്നാമതായി ശബ്ദതീവ്രത അഥവാ എത്ര ഉച്ചത്തിലാണ് നാം കേൾക്കുന്നത് എന്നതിനെ സംബന്ധിച്ചാണ്. രണ്ടാമതായി ശബ്ദസ്രോതസ്സും ചെവിയും തമ്മിലുള്ള അകലം, മൂന്നാമതായി എത്ര സമയം തുടർച്ചയായി നാം കേൾക്കുന്നു. ഈ മൂന്ന് കാര്യങ്ങളിലുണ്ടാകുന്ന അശ്രദ്ധ കേൾവിശക്തിയെ എന്നെന്നേക്കുമായി തകരാറിലാക്കാം.

ഡെസിബെല്ലിന്റെ നിയന്ത്രിത അളവും കാതുകളുടെ ആരോഗ്യവും

ശബ്ദത്തിന്റെ തീവ്രത അളക്കുന്നത് ഡെസിബെൽ (dB) എന്ന യൂണിറ്റിലാണ്. സാധാരണ ശബ്ദ സംഭാഷണങ്ങൾ 30 മുതൽ 60 ഡെസിബെൽ വരെയാണെങ്കിൽ ഉച്ചത്തിൽ സംസാരിക്കുമ്പോൾ നമ്മുടെ സ്വരം 70 മുതൽ 90 ഡെസിബെല്ലായി ഉയരും. എന്നാൽ ഇയർഫോണുകളിൽ ഇത് 80 മുതൽ 110 ഡെസിബെൽ വരെ ഉയരാം. 120 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം ചെവി വേദനകൾക്ക് കാരണമാവുകയും, ഇയർഫോണുകൾ കർണ്ണപടത്തോട് ചേർന്നിരിക്കുന്നതിനാൽ അവ ചെറിയ തരംഗങ്ങൾ പോലും ആന്തരിക കർണ്ണത്തിലെ കോക്ലിയയെ നേരിട്ട് സ്റ്റിമുലേറ്റ് ചെയ്യുന്നു. 85 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം തുടർച്ചയായി 8 മണിക്കൂറോളം കേൾക്കുന്നത് വരാനിരിക്കുന്ന വലിയ കേൾവി പ്രശ്നങ്ങളുടെ സൂചനയാണ്. പലപ്പോഴും ഈ അവസ്ഥയെത്തുന്നത് പോലും നമ്മൾ തിരിച്ചറിഞ്ഞു എന്ന് വരില്ല.

എങ്ങനെയാണ് കേൾവി തകരാറിലാകുന്നത്?

നമ്മുടെ ആന്തരിക കർണത്തിൽ കോക്ലിയ (Cochlea) എന്നൊരു ഭാഗമുണ്ട്. ഇതിനുള്ളിലെ ദ്രാവകവും സൂക്ഷ്മമായ രോമകോശങ്ങളുമാണ് ശബ്ദതരംഗങ്ങളെ തിരിച്ചറിഞ്ഞ് മസ്തിഷ്കത്തിലേക്ക് സന്ദേശങ്ങൾ എത്തിക്കുന്നത്. ഉയർന്ന ശബ്ദത്തിലുള്ള സംഗീതം ഇയർഫോണിലൂടെ നേരിട്ട് ചെവിയിലേക്ക് എത്തുമ്പോൾ ഈ രോമകോശങ്ങൾക്ക് അമിതമായ സമ്മർദ്ദം അനുഭവപ്പെടുന്നു. തുടർച്ചയായുള്ള ഈ ആഘാതം കോശങ്ങളെ നശിപ്പിക്കുകയും, ഒരിക്കൽ ഈ രോമകോശങ്ങൾ നശിച്ചുപോയാൽ അവ വീണ്ടും വളരില്ല എന്നത് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

യാത്ര ചെയ്യുമ്പോൾ വാഹനങ്ങളിലെ (Ambient Noise) ശബ്ദം തന്നെ 70-80 dB ഉണ്ടാകും. അനാവശ്യം എന്ന് കരുതുന്ന ശബ്ദങ്ങൾ മറികടക്കാൻ നാം ഇയർഫോണിലെ വോളിയം 90 ഡെസിബെല്ലിന് മുകളിലേക്ക് പരമാവധി ഉയർത്താറുണ്ട്. ഇത് ചെവിക്ക് ഇരട്ടി ആഘാതമാണ് നൽകുന്നത്. യാത്രകളിലെ ഇത്തരം അശ്രദ്ധമായ ശീലങ്ങൾ പ്രായമാകുമ്പോൾ കേൾവിശക്തി പൂർണ്ണമായും നഷ്ടപ്പെടുന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

കേൾവിശക്തി പെട്ടെന്നൊരു ദിവസം ഇല്ലാതാകുകയല്ല അവ പതിയെ നമ്മുടെ കേൾവി ശക്തിയെ ബാധിക്കുകയും തുടർന്ന് കേൾവി നഷ്ടമാകുന്ന അവസ്ഥയിൽ എത്തുന്നു. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഒരു ഇ.എൻ.ടി (ENT) വിദഗ്ധനെ കാണുക:
1 . ചെവിക്കുള്ളിൽ എപ്പോഴും മൂളലോ മണിമുഴക്കമോ കേൾക്കുന്ന അവസ്ഥ.
2 . മറ്റുള്ളവർ സംസാരിക്കുന്നത് അവ്യക്തമായി തോന്നുക.
3 . ശബ്ദമുള്ള ഇടങ്ങളിൽ വെച്ച് സംസാരം വേർതിരിച്ചറിയാൻ പ്രയാസം അനുഭവപ്പെടുക.
4 . ടിവി കാണുമ്പോഴോ പാട്ട് കേൾക്കുമ്പോഴോ വോള്യം അമിതമായി കൂട്ടിവെക്കാൻ തോന്നുക.
5 . ചെവിക്കുള്ളിൽ ഭാരമോ അടഞ്ഞതുപോലെയുള്ള അനുഭവമോ ഉണ്ടാവുക

ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ:

കേൾവിശക്തി സംരക്ഷിക്കാൻ ആഗോളതലത്തിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണ് 60-60 റൂൾ. ഇതിൽ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അതായത് നമ്മൾ പലപ്പോഴും ഉപയോഗിക്കുന്ന ഡിവൈസിന്റെ 60 ശതമാനത്തിൽ താഴെ ശബദം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ഉയർന്ന ശബ്ദത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നതെങ്കിൽ അത് നിർബന്ധമായും 60 ശതമാനമായോ അതിൽ കുറവായോ മാറ്റുക. ഇതിൽ രണ്ടാമത്തെ 60 സൂചിപ്പിക്കുന്നത് തുടർച്ചയായി 60 മിനിറ്റിൽ കൂടുതൽ ഇയർഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഈ ഇടവേളകൾ കോശങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.

ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ഇടയ്ക്ക് ശബ്ദത്തിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുക. ചിലർക്ക് ജോലി സംബന്ധമായി ഇയർഫോൺസ് ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യമുണ്ടെങ്കിൽ നോയ്സ് ക്യാൻസലേഷൻ (noise canceling headphones) ഫീച്ചറുള്ള ഹെഡ്സെറ്റുകൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ഇത് ചെവിക്ക് ഏൽപ്പിക്കുന്ന സമ്മർദ്ദം ഗണ്യമായി കുറയ്ക്കുന്നു.

കേൾവിക്കുറവ്, ചെവി അടഞ്ഞിരിക്കുക, ചെവിയിൽ മുഴക്കം (Tinnitus) തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടുക. ഉയർന്ന ശബ്ദം മൂലമുണ്ടാകുന്ന കേൾവി തകരാറുകൾ തുടക്കത്തിലേ ചികിത്സിച്ചാൽ ഒരു പരിധിവരെ ഭേദമാക്കാൻ സാധിക്കുമെങ്കിലും, വൈകുംതോറും ഇത് ശാശ്വതമായ കേൾവി പരിമിധികളിലേക്കും നയിച്ചേക്കാം. അശാസ്ത്രീയമായ ചികിത്സാരീതികളും ഓൺലൈനിലെ വ്യാജ പ്രചാരണങ്ങളും പിന്തുടരുന്നത് നിങ്ങളുടെ സാമ്പത്തികനഷ്ടത്തിന് പുറമെ കേൾവിശക്തി തന്നെ ഇല്ലാതാക്കാനും കാരണമാകും. അതിനാൽ, ശാസ്ത്രീയമായ ചികിത്സയിലൂടെ നിങ്ങളുടെ കേൾവി സുരക്ഷിതമാക്കുക.”

]]>
https://www.chandrikadaily.com/can-earphone-use-cause-hearloss.html/feed 0