Japanfever – Chandrika Daily https://www.chandrikadaily.com Thu, 15 Jan 2026 06:54:21 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Japanfever – Chandrika Daily https://www.chandrikadaily.com 32 32 ജപ്പാന്‍ ജ്വരം വര്‍ധിക്കുന്നു; മലപ്പുറം, കോഴിക്കോട് രോഗബാധിത ജില്ലകള്‍ https://www.chandrikadaily.com/japan-fever-is-on-rise-malappuram-and-kozhikode-are-affected-districts.html https://www.chandrikadaily.com/japan-fever-is-on-rise-malappuram-and-kozhikode-are-affected-districts.html#respond Thu, 15 Jan 2026 06:52:41 +0000 https://www.chandrikadaily.com/?p=374054 മലപ്പുറം: ജാപ്പനീസ് എന്‍സെഫലൈറ്റിസ് (ജപ്പാന്‍ ജ്വരം) കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കേന്ദ്ര ആരോഗ്യവകുപ്പിന്റെ മസ്തിഷ്‌കവീക്ക (AES) നിരീക്ഷണ ഡേറ്റയുടെ അടിസ്ഥാനത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളെ ജാപ്പനീസ് എന്‍സെഫലൈറ്റിസ് ബാധിത ജില്ലകളായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

രോഗവ്യാപനവും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തി വിശദീകരിച്ചു. ക്യൂലക്‌സ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ജാപ്പനീസ് എന്‍സെഫലൈറ്റിസ്. തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം തീവ്രമായ പനിക്കു ശേഷം അസ്വാഭാവിക പെരുമാറ്റം, ബോധക്ഷയം, ഛര്‍ദി, ശക്തമായ തലവേദന തുടങ്ങിയ ലക്ഷണങ്ങളിലൂടെ പ്രകടമാകുന്നു.

രോഗം ഗുരുതരമായാല്‍ തലച്ചോറില്‍ നീര്‍ക്കെട്ട്, അപസ്മാരം തുടങ്ങിയ അവസ്ഥകളിലേക്കു നീങ്ങാനും 20 മുതല്‍ 30 ശതമാനം വരെ രോഗികളില്‍ മരണം സംഭവിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തലച്ചോറിലെ സ്രവവും രക്തവും പരിശോധിച്ച് ആന്റിബോഡി ടെസ്റ്റിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. അപസ്മാര ലക്ഷണങ്ങളോടെ എത്തുന്ന രോഗികളില്‍ സ്രവ പരിശോധന നടത്തുന്നത് പലപ്പോഴും പ്രയാസകരമാണെന്നും വ്യക്തമാക്കി.

തീരപ്രദേശങ്ങളിലാണ് രോഗസാധ്യത കൂടുതലായി കണ്ടെത്തുന്നത്. വെള്ളക്കെട്ടുകളും കുളങ്ങളും ധാരാളമുള്ള പ്രദേശങ്ങളില്‍ കൊതുക് വളര്‍ച്ച കൂടുതലായതിനാല്‍ രോഗവ്യാപന സാധ്യതയും ഉയരുന്നു. ദേശാടനക്കിളികള്‍, കുളക്കോഴികള്‍, നീര്‍കാക്കകള്‍, കന്നുകാലികളുടെ ശരീരത്തിലിരിക്കുന്ന പക്ഷികള്‍ എന്നിവയില്‍ വൈറസിന്റെ സാന്നിധ്യം കാണപ്പെടുന്നുണ്ടെന്നും, ഇവയില്‍നിന്ന് കൊതുകുവഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. പക്ഷികളില്‍നിന്ന് നേരിട്ട് രോഗം പകരില്ല.

ഒരു വയസ്സുമുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളിലാണ് രോഗം കൂടുതല്‍ ഗുരുതരമാകുന്നത്. പ്രത്യേകിച്ച് ഒന്നുമുതല്‍ അഞ്ചുവരെ പ്രായമുള്ള കുട്ടികള്‍ക്ക് അപകടസാധ്യത കൂടുതലാണ്. രോഗത്തിന് പ്രത്യേക ആന്റിവൈറല്‍ ചികിത്സ ലഭ്യമല്ല. പ്രതിരോധ കുത്തിവെപ്പാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗം. ലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികിത്സ നല്‍കുന്നത്.

രോഗം ഭേദമാകുന്നവരില്‍ 30 മുതല്‍ 50 ശതമാനം വരെ ആളുകള്‍ക്ക് ശാരീരികമോ നാഡീസംബന്ധമായോ തകരാറുകള്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും, ഇവര്‍ക്ക് ആവശ്യമായ ശാരീരികവും മാനസികവുമായ പരിചരണം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

മലപ്പുറം ജില്ലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും മറ്റ് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും തീവ്രപരിചരണ വിഭാഗമുള്ള ആശുപത്രികളിലും ചികിത്സാസൗകര്യം ഒരുക്കിയിട്ടുണ്ട്.

പ്രതിരോധ നടപടികളുടെ ഭാഗമായി വാക്‌സിന്‍ എടുക്കുക, കൊതുകുകടി പരമാവധി ഒഴിവാക്കുക, കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുക എന്നിവ നിര്‍ദേശിച്ചു. പാടങ്ങള്‍, വെള്ളക്കെട്ടുകള്‍, കുളങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കണം. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ മെഡിക്കല്‍ കോളേജിലോ ചികിത്സാസൗകര്യമുള്ള ആശുപത്രികളിലോ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചു.

]]>
https://www.chandrikadaily.com/japan-fever-is-on-rise-malappuram-and-kozhikode-are-affected-districts.html/feed 0