sayyidsadikalithangal – Chandrika Daily https://www.chandrikadaily.com Tue, 13 Jan 2026 05:49:31 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg sayyidsadikalithangal – Chandrika Daily https://www.chandrikadaily.com 32 32 യു.എം; വിജ്ഞാനത്തിന്റെ അക്ഷയഖനി https://www.chandrikadaily.com/um-an-inexhaustible-mine-of-knowledge.html https://www.chandrikadaily.com/um-an-inexhaustible-mine-of-knowledge.html#respond Tue, 13 Jan 2026 05:49:31 +0000 https://www.chandrikadaily.com/?p=373703 സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വൈജ്ഞാനികമായി ഉന്നത ശ്രേണിയിലായിരിക്കുമ്പോഴും സാധാരണക്കാരായ വിശ്വാസികളിലേക്ക് കുളിര്‍തെന്നല്‍ പോലെ വീശിയടിച്ച പണ്ഡിത ശ്രേഷ്ഠനായിരുന്നു യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍. സുന്നത്ത് ജമാഅത്തിന്റെ പൈതൃക വഴിയില്‍ നിലകൊള്ളുകയും അതിനായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ഉപാധ്യക്ഷന്‍.

ദര്‍സ് വിദ്യാര്‍ത്ഥികളിലേക്കെന്ന പോലെ തന്നെ ദീനീപാഠങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കുന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയായിരുന്നു. അനവധി ദര്‍സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാഠമോതിക്കൊടുക്കുന്നതിനോടൊപ്പം അങ്ങേയറ്റം വിനയത്തോടെ ജനങ്ങളിലേക്കിറങ്ങി. അവരോട് സംസാരിച്ചും സംശയങ്ങള്‍ ദൂരീകരിച്ചും ഇസ്‌ലാമിക മതമൂല്യങ്ങള്‍ പകര്‍ന്ന് നല്‍കി. വേദികളില്‍ നിന്നും വേദികളിലേക്ക് പകര്‍ന്ന് അദ്ദേഹം വടക്കന്‍ കേരളത്തില്‍ അറിവിന്റെ ജ്ഞാനത്തോപ്പുകള്‍ സൃഷ്ടിച്ചു. മതപ്രബോധന രംഗത്തെ നക്ഷത്രത്തിളക്കമായിരുന്നു മഹാനവര്‍കള്‍. അറിവ് സമ്പാദനത്തിനായി അദ്ദേഹം തെന്നിന്ത്യയിലൂടെ സഞ്ചരിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1963 – 1964 കാലഘട്ടത്തില്‍ മൗലവി ഫാളില്‍ ബാഖവി വിദ്യാഭ്യാസം നേടി. തുടര്‍ന്ന് മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗളൂരു അസ്ഹരിയ്യ കോളജ്, കരുവന്‍തിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് എന്നിവിടങ്ങളില്‍ അറിവന്വേഷിച്ച് സഞ്ചരിച്ചു.

തേടിപ്പിടിച്ച അറിവിന്‍ രത്‌നങ്ങള്‍ സമൂഹത്തിലേക്ക് അദ്ദേഹം പകര്‍ന്നു നല്‍കി. അവയുടെ തിളക്കം പ്രസരണം ചെയ്യാന്‍ നിരവധി ശിഷ്യരെയും അദ്ദേഹം സൃഷ്ടിച്ചു. പ്രഗത്ഭരും പ്രമുഖരുമായി ശിഷ്യഗണങ്ങളെ സമ്മാനിച്ചാണ് യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ മടക്കം. പാണക്കാട്ട് വെച്ചും കാസര്‍കോട് വെച്ചും ദാറുല്‍ ഹുദായുടെ പരിപാടികളിലും അദ്ദേഹവുമായി ഇടപെട്ടു. കാസര്‍കോട്ടെ സുന്നത്ത് ജമാഅത്തിന്റെ വേദികളില്‍ നിറസാന്നിധ്യമായിരുന്നു. മനസ്സ് നിറക്കുന്ന സ്‌നേഹപൂര്‍ണ്ണമായ ഇടപെടലായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. അദ്ദേഹവുമായി പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ബന്ധമായിരുന്നുണ്ടായിരുന്നത്.

പാണക്കാട് കുടുംബവുമായി അങ്ങേയറ്റത്തെ സ്‌നേഹം കാത്തുസൂക്ഷിച്ചു. ആ സ്‌നേഹത്തിന്റെ പ്രതീകമായി മകന് അദ്ദേഹം മുഹമ്മദലി ശിഹാബ് എന്ന് പേര് വെച്ചു. കാസര്‍കോട് പോകുമ്പോള്‍ മിക്കവാറും കാണുന്നൊരു മുഖമായിരുന്നു അദ്ദേഹത്തിന്റേത്. ആ ബന്ധം വലിയ സുകൃതമായാണ് കാണുന്നത്.
അറിവിന്റെ ഒടുങ്ങാത്ത തിരയായിരുന്നു പ്രിയപ്പെട്ട അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍. കരയെ തൊടുന്ന തിരപോലെ, അദ്ദേഹം മനുഷ്യരെ തൊട്ട് തലോടി. അടിഞ്ഞുകൂടിയ അശുദ്ധികളില്‍ അറിവിന്റെ തിരയടിച്ചു വൃത്തിയാക്കി. ഇഹലോകത്ത് അദ്ദേഹത്തിന്റെ നിയോഗം പൂര്‍ത്തിയായിട്ടുണ്ടാകും. എങ്കിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികം കാസര്‍കോട് നടക്കുമ്പോള്‍ അദ്ദേഹമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. അല്ലാഹു പരലോകത്തും മഹാനവര്‍കള്‍ക്ക് ഉന്നത സ്ഥാനം നല്‍കട്ടെ. ആമീന്‍.

]]>
https://www.chandrikadaily.com/um-an-inexhaustible-mine-of-knowledge.html/feed 0