health

വായ്പുണ്ണിനെ നിസാരമായി കാണുന്നുണ്ടോ? ചിലപ്പോള്‍ കാന്‍സര്‍ ആവാം

By Akhila

February 04, 2026

വായ്പുണ്ണിനെ പലരും നിസാരമായി ആണ് കാണുന്നത്. വെറുതെ ഒരു വായ്പുണ്ണാണെന്നോ സ്‌ട്രെസ്സ് മൂലമുള്ളതാണെന്നോ കരുതി പലരും ഇത് അവഗണിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ ഇതെല്ലാം വായിലെ കാന്‍സറിന്റെ ലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ കാന്‍സര്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണെന്ന് മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലിലെ ഡോ. വിജയ് ഹരിഭക്തി പറയുന്നത്.

വായയിലെ കാന്‍സര്‍ കോശങ്ങള്‍ വളരെ വേഗത്തില്‍ കഴുത്തിലെ ലസികാ ഗ്രന്ഥികളിലേക്കും തുടര്‍ന്ന് ശ്വാസകോശം, അസ്ഥികള്‍ എന്നിവിടങ്ങളിലേക്കും പടരാന്‍ സാധ്യതയുണ്ട്. ഇങ്ങനെ പടര്‍ന്നു കഴിഞ്ഞാല്‍ ചികിത്സ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഒരു വായ്പുണ്ണല്ലേ, തനിയെ മാറിക്കോളും എന്ന് കരുതി ചികിത്സ വൈകിപ്പിക്കുന്നത് രോഗം ഗുരുതരമാക്കാന്‍ കാരണമാകുന്നു. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ഏത് മാറ്റവും അപകടസൂചനയാകാം. വായിലെ കാന്‍സര്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ വളരെ അപകടകാരിയാണ്. എന്നാല്‍ തുടക്കത്തിലേ കണ്ടെത്തിയാല്‍ ഇത് പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കുന്ന ഒന്നാണ് എന്നതാണ് ആശ്വാസകരമായ വശം.

ഇതില്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

അള്‍സറുകള്‍: രണ്ടാഴ്ച കഴിഞ്ഞിട്ടും മാറാത്ത വായ്പുണ്ണുകള്‍.

വെള്ളയോ ചുവപ്പോ ആയ പാടുകള്‍: വായയുടെ ഉള്‍വശത്തോ നാക്കിലോ കാണപ്പെടുന്ന തടിക്കുപ്പുകള്‍.

ല്യൂക്കോപ്ലാകിയ: ഉരച്ചു കളയാന്‍ പറ്റാത്ത വിധം കവിളിന്റെ ഉള്‍വശത്തോ നാക്കിലോ കാണുന്ന വെളുത്ത പാടുകള്‍. ഇവ കാന്‍സറിന് മുന്നോടിയാകാന്‍ സാധ്യതയുണ്ട്.

എറിത്രോപ്ലാകിയ: രക്തം വരാന്‍ സാധ്യതയുള്ള ചുവന്ന പാടുകള്‍. ഇവ അപകടകരമാണ്.

മുഴകള്‍: വായയിലോ താടിയെല്ലിലോ കഴുത്തിലോ ഉണ്ടാകുന്ന വേദനയില്ലാത്ത മുഴകള്‍.

ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്: ചവക്കാനോ വിഴുങ്ങാനോ സംസാരിക്കാനോ ഉണ്ടാകുന്ന പ്രയാസം. ഈ ലക്ഷണങ്ങള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം.

ആരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്?

പുകയില ഉപയോഗിക്കുന്നവര്‍, മദ്യപാന ശീലമുള്ളവര്‍, മോശമായ വായ ശുചിത്വമുള്ളവര്‍ ,വായക്കുള്ളില്‍ നിരന്തരം മുറിവേല്‍പ്പിക്കുന്ന മൂര്‍ച്ചയുള്ള പല്ലുകള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. മിക്കവാറും വായ്പുണ്ണുകള്‍ അണുബാധയോ വിറ്റാമിന്‍ കുറവോ മൂലം ഉണ്ടാകുന്നതാകാം. എന്നാല്‍ വായയിലെ പാടുകളോ പുണ്ണുകളോ രണ്ടാഴ്ച കഴിഞ്ഞിട്ടും മാറുന്നില്ലെങ്കില്‍, പെട്ടെന്നുണ്ടാകുന്ന രക്തസ്രാവം അല്ലെങ്കില്‍ വേദന, നാവിന്റെ ചലനം കുറയുകയോ തരിപ്പ് അനുഭവപ്പെടുകയോ ചെയ്യുമ്പോള്‍, കഴുത്തിലെ ഗ്രന്ഥികളില്‍ വീക്കം കാണുമ്പോള്‍ ഓറല്‍ ഓങ്കോളജിസ്റ്റിനെ കാണാന്‍ മടിക്കരുത്.

പ്രതിരോധ മാര്‍ഗങ്ങള്‍

പുകയിലയും മദ്യവും ഒഴിവാക്കുക: കാന്‍സര്‍ തടയാനുള്ള ഏറ്റവും പ്രധാന വഴി ഇതാണ്.

വായ ശുചിത്വം: കൃത്യമായി പല്ല് തേക്കുകയും വായ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.

ഭക്ഷണം: ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതിലടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകള്‍ കോശങ്ങളെ സംരക്ഷിക്കുന്നു.

വെയില്‍ ഏല്‍ക്കാതിരിക്കുക: ചുണ്ടുകളെ ബാധിക്കുന്ന കാന്‍സര്‍ തടയാന്‍ അമിതമായ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക. പുറത്തിറങ്ങുമ്പോള്‍ ലിപ് ബാം എന്നിവ ഉപയോഗിക്കാം.

പരിശോധനകള്‍: പതിവായി ദന്തപരിശോധന നടത്തുന്നത് വായയിലെ മാറ്റങ്ങള്‍ നേരത്തെ കണ്ടെത്താന്‍ സഹായിക്കും.