News

വിവാഹവാഗ്ദാനം നല്‍കി സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി; യുവതിയുടെ നഗ്നഫോട്ടോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

By webdesk17

December 23, 2025

മാനന്തവാടി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയോട് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി നഗ്ന ചിത്രങ്ങള്‍ കൈവശപ്പെടുത്തി പിന്നീട് അവ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം പുതൃകാവില്‍ വീട്ടില്‍ പി. സഹദ് (19) എന്നയാളെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്.

വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ഉദ്ദേശ്യത്തോടുകൂടി യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇയാള്‍ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. പിന്നീട് യുവതി ഇയാളെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിലുള്ള വിരോധത്തില്‍, പരാതിക്കാരിയുടെ സുഹൃത്തിനാണ് നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയത്. നാല് വ്യത്യസ്ത ഇന്‍സ്റ്റഗ്രാം ഐഡികള്‍ വഴിയാണ് പ്രതി യുവതിയെ ബന്ധപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ പൊലീസ് കണ്ടെത്തിയെങ്കിലും അത് പ്രതിയുടേതല്ലെന്ന് വ്യക്തമായി.

തുടര്‍ന്ന് നടത്തിയ വിശദവും പഴുതടച്ചതുമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചിരുന്ന പ്രതി, നന്നാക്കാനായി ഏല്‍പിച്ച ഫോണിലുണ്ടായിരുന്ന സിം നമ്പര്‍ ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിച്ചാണ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സൃഷ്ടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിതിന്‍കുമാര്‍, കെ. സിന്‍ഷ, ജോയ്‌സ് ജോണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ റോബിന്‍ ജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണുകള്‍ കടകളിലും മറ്റും നന്നാക്കാന്‍ ഏല്‍പിക്കുമ്പോള്‍ പൊതുജനം പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.