india

മുസ്‍ലിം സ്ഥാപനങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നു; വഖഫ് ബില്ലിനെതിരെ ജമ്മു കശ്മീർ മുഖ്യമന്ത്രി

By webdesk13

March 25, 2025

വഖഫ് ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള സംഘർഷം മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള. കാരണം കേന്ദ്രത്തിലെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ മുസ്‍ലിം സ്ഥാപനങ്ങളെ മാത്രം ലക്ഷ്യം വെക്കുകയാണ്. കശ്മീരിലെ ജനങ്ങളെ കൂടെ കൂട്ടാതെ തീവ്രവാദം അവസാനിപ്പിക്കാൻ കഴിയില്ലെന്ന് താൻ ആവർത്തിച്ച് പറയുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ജമ്മു കശ്മീരിലെ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ വിജയിക്കാൻ മുസ്‍ലിംകൾക്കുള്ള പരോക്ഷമായ പ്രാദേശിക പിന്തുണ എത്രത്തോളം നിർണായകമാണെന്ന് കേന്ദ്രത്തിന് സൂചന നൽകുന്നതായി മുഖ്യമന്ത്രിയുടെ വാക്കുകൾ.

വഖഫ് ബില്ലിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷത്തെക്കുറിച്ചും ജമ്മു മേഖലയിലെ തീവ്രവാദത്തിന്റെ വർധനവിനെക്കുറിച്ചും മുഖ്യമന്ത്രി ചോദ്യങ്ങൾ നേരിട്ടു. ‘സംഘർഷത്തെക്കുറിച്ച് ആശങ്കകളുണ്ടെന്ന് വ്യക്തമാണ്. ആക്രമണത്തിലൂടെ ഒരു മതത്തെ മാത്രം ലക്ഷ്യമാക്കി മാറ്റുന്നു. എല്ലാ മതങ്ങൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങളുണ്ടെന്നും മുസ്‍ലിംകൾ പ്രധാനമായും വഖഫ് വഴിയാണ് ചാരിറ്റി കൈകാര്യം ചെയ്യുന്നതെന്നും’ അദ്ദേഹം പറഞ്ഞു. എന്നാൽ, ഒരു മതത്തിന്റെ സ്ഥാപനങ്ങൾ മാത്രമേ ഉന്നമാക്കപ്പെടുന്നുള്ളൂ. അങ്ങനെ വരുമ്പോൾ സംഘർഷങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാണെന്നും ഉമർ പറഞ്ഞു.

ഹിരാനഗറിൽ തീവ്രവാദികളെ കണ്ടതായി നാട്ടുകാർ അവകാശപ്പെട്ടതിനെത്തുടർന്നാണ് ജമ്മുവിലെ കത്വയിൽ ഞായറാഴ്ച തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്. ശബ്ദം കേട്ടെങ്കിലും ഇരുവിഭാഗങ്ങളും തമ്മിൽ വെടിവെപ്പ് നടന്നുവെന്ന അവകാശവാദങ്ങളിൽ ഉമർ സംശയം പ്രകടിപ്പിച്ചു. തിരച്ചിലും വളയലും സംശയാസ്പദമായ ചില നീക്കങ്ങൾ മൂലമാണ്. സ്ഥിതിഗതികൾ എങ്ങനെ വികസിക്കുന്നുവെന്ന് നോക്കുകയാണ്. അതിർത്തിക്കപ്പുറത്ത് നിന്ന് തീവ്രവാദികൾ വന്നിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ബില്ലിനെതിരെ അഖിലേന്ത്യാ മുസ്‍ലിം വ്യക്തിനിയമ ബോർഡ് ഞായറാഴ്ച രാജ്യവ്യാപകമായി പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ആദ്യ ഘട്ടത്തിൽ ഈമാസം 26 നും 29 നും യഥാക്രമം പട്‌നയിലെയും വിജയവാഡയിലെയും നിയമസഭകൾക്ക് മുന്നിൽ ബോർഡ് ധർണകൾ ആസൂത്രണം ചെയ്യുന്നു.