ന്യൂഡല്‍ഹി: എന്‍സിപിയില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പരസ്യപ്രസ്താവന നടത്തിയതില്‍ പ്രതിഷേധിച്ചാണ് താരിഖ് അന്‍വര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്കില്ലെന്നായിരുന്നു ശരദ് പവാറിന്റെ പ്രസ്താവന. ഇതാണ് താരിഖിനെ ചൊടിപ്പിച്ചത്. എന്‍സിപിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് താരിഖ് അന്‍വര്‍.

എന്‍സിപി വിട്ടപ്പോള്‍ തന്നെ താരിഖിനെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് അറിയിച്ചു. 1980കളില്‍ ബിഹാര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്ന അദ്ദേഹം കത്തിഹാറില്‍ നിന്ന് കോണ്‍ഗ്രസ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.